ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക പങ്കുവഹിച്ച മുഖ്യസൂത്രധാരിൽ ഒരാൾ കൂടി പിടിയിലായി. പൂനെ സ്വദേശി മനീഷ ഗുരുനാഥ് മന്ധാരയെയാണ് സിബിഐ ഇന്ന് അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷയുടെ ബോട്ടണി, സുവോളജി ചോദ്യപേപ്പറുകൾ തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇവർ. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറിടങ്ങളിൽ റെയ്ഡ് നടത്തിയതായായി സിബിഐ അറിയിച്ചിരുന്നു. കേസിൽ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ മറ്റൊരു മുഖ്യസൂത്രധാരനായ പി.വി കുൽക്കർണിയെയും കഴിഞ്ഞ ദിവസം സിബിഐ പിടികൂടിയിരുന്നു. പ്രതികളായ ഇരുവരെയും ഡൽഹി റോസ് അവന്യു കോടതി 14 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.
എൻടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രക്രിയയുടെ ഭാഗമായ കുൽക്കർണിയെ അറസ്റ്റ് ചെയ്തത് അന്വേഷണത്തിൽ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. പരീക്ഷാ പേപ്പർ തയ്യാറാക്കിയ രസതന്ത്രം പ്രഫസർ കൂടിയായ പി.വി കുൽക്കർണി, തന്റെ സ്വന്തം വസതിയിൽ വെച്ച് പ്രത്യേക ക്ലാസുകൾ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കുൽക്കർണിയുടെ സഹായി മനീഷ വാഗ്മറുടെ സഹായത്തോടെയായിരുന്നു ഈ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചത്. ഈ ക്ലാസുകളിൽ വെച്ച് പരീക്ഷാ ചോദ്യങ്ങൾ ഇരുവരും വിദ്യാർഥികൾക്ക് ചോർത്തി നൽകിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ ഇതുവരെ അറസ്റ്റിലായ മുഴുവൻ പ്രതികളെയും അന്വേഷണസംഘം ഇന്ന് ഒപ്പമിരുത്തി ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ പഠിക്കുന്ന ഒരു രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥിയിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. രാജ്യവ്യാപകമായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി മുഴുവൻ കുറ്റക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് സിബിഐയുടെ നീക്കം. അതേസമയം, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നേരത്തെ റദ്ദാക്കിയ മെയ് മൂന്നാം തീയതിയിലെ പരീക്ഷ ജൂൺ 21-ന് വീണ്ടും നടത്തുമെന്നും അധികൃതർ അറിയിച്ചു.






