തിരുവനന്തപുരം: മലയാളികൾ ഏറെയുള്ള ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ കടുത്ത തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന് 16 കോച്ചുകളുള്ള പുതിയ അത്യാധുനിക ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. അടുത്തയാഴ്ച മുതൽ പുതിയ 16 കോച്ചുകളുള്ള റെയ്ക്ക് സർവീസ് ആരംഭിക്കും. നിലവിൽ വെറും 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിൻ പിൻവലിച്ചാണ് പുതിയ ട്രെയിൻ വരുന്നത്.
ഇതോടെ നിലവിലുള്ള സീറ്റിംഗ് കപ്പാസിറ്റി 530-ൽ നിന്നും 1128 ആയി കുത്തനെ ഉയരും. ഇത് ഓണക്കാലത്ത് നാട്ടിലേക്ക് വരാനും തിരികെ പോകാനും ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമാകും. മലയാളി യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഈ റൂട്ടിൽ നിലവിലുള്ളത്. വരാനിരിക്കുന്ന ഓണാവധി പ്രമാണിച്ച് ഓഗസ്റ്റ് 21, 22 തീയതികളിൽ ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള വന്ദേ ഭാരത് ചെയർകാർ ടിക്കറ്റുകളുടെ വെയ്റ്റിംഗ് ലിസ്റ്റ് ഇതിനകം തന്നെ നൂറിന് മുകളിലാണ്.




