ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നതിനിടെ, സിജെപി നടത്താനിരുന്ന പാർലമെന്റ് മാർച്ചിന് ഇതുവരെ അനുമതി ലഭിച്ചില്ല. നാളെ പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് സിജെപി തീരുമാനിച്ചിരുന്നത്.
മാർച്ചിനായി സിജെപി അനുമതി തേടി അപേക്ഷ നൽകിയിട്ടില്ലെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. അനുമതിയില്ലാതെ മാർച്ച് നടത്താൻ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. സാധാരണയായി പാർലമെന്റ് മാർച്ചുകൾ ജന്തർ മന്തറിൽ നിന്നാണ് സംഘടിപ്പിക്കാറുള്ളതെന്നും അതിന് പുറത്തേക്ക് മാർച്ച് നടത്താൻ അനുമതി നൽകാൻ സാധ്യത കുറവാണെന്നും പൊലീസ് അറിയിച്ചു.
സിജെപി സമരം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്കെ പ്രതികരിച്ചു.
അതേസമയം, 20 ദിവസത്തെ നിരാഹാര സമരത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത സോനം വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്ക്‌മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സോനത്തിന്റെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
സോനം വാങ്ചുക്ക് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണെന്നാണ് വിവരം. ഭക്ഷണമോ മരുന്നോ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. രക്തപരിശോധന ഫലങ്ങളിൽ നേരിയ വ്യതിയാനം ഉണ്ടെന്നും തുടർച്ചയായ വൈദ്യസഹായം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.
ജന്തർ മന്തറിൽ സിജെപി അധ്യക്ഷൻ അഭിജീത് ദീപ്കെയുടെയും എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷൻ ആദർശ് എം സജിയുടെയും നേതൃത്വത്തിൽ നിരാഹാര സമരം തുടരുകയാണ്. സോനം വാങ്ചുക്കിനെ മോചിപ്പിക്കും വരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. നിരവധി വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജന്തർ മന്തറിലെത്തുന്നുണ്ട്.











