ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ ഇറങ്ങിപ്പോയി. തൃണമൂൽ കോൺഗ്രസിൽ നിന്ന് വിട്ടുനിന്ന വിമത എംപിമാരുടെ വിഭാഗത്തിന് യോഗത്തിലേക്ക് ക്ഷണം നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം.
പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിൽ പാർലമെന്റ് അനെക്സിൽ ചേർന്ന യോഗത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ പങ്കെടുത്തിരുന്നു. എന്നാൽ, വിമത എംപിമാർക്കായി പ്രത്യേക ഇരിപ്പിടവും സൗകര്യവും ഒരുക്കിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.
സ്പീക്കർ ഔദ്യോഗികമായി അംഗീകരിക്കാത്തതും പാർലമെന്റ് വെബ്‌സൈറ്റിൽ പ്രത്യേക പാർട്ടിയായി രേഖപ്പെടുത്തിയിട്ടില്ലാത്തതുമായ വിഭാഗത്തെ യോഗത്തിലേക്ക് ക്ഷണിച്ചത് ശരിയായ നടപടിയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
പാർലമെന്റ് രേഖകളിൽ ഇപ്പോഴും ഈ എംപിമാർ തൃണമൂൽ കോൺഗ്രസ് അംഗങ്ങളായാണ് കാണിക്കുന്നതെന്ന് തൃണമൂൽ എംപി സൗഗത റോയ് പറഞ്ഞു. വിമതരെ ക്ഷണിച്ചതിന്റെ അടിസ്ഥാനമെന്തെന്ന് തൃണമൂൽ എംപി മഹുവ മോയിത്രയും ചോദിച്ചു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ തീരുമാനിക്കാനായിരുന്നു യോഗം വിളിച്ചത്. എന്നാൽ വിമത എംപിമാരെ ചൊല്ലിയുള്ള തർക്കം യോഗത്തിന്റെ അന്തരീക്ഷം മാറ്റി.
അതേസമയം, തങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചതിന് വിമത വിഭാഗം നേതാവ് കകോലി ഘോഷ് ദസ്തിദാർ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ചു. വിമത എംപിമാരെ അംഗീകരിക്കുന്ന നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രതിഷേധം രേഖപ്പെടുത്തി.


