കോഴിക്കോട്: മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് നിരവധി വാഹനങ്ങൾക്കും വീടിനും നാശനഷ്ടമുണ്ടാക്കിയ യുവാവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. പൂളക്കോട് സ്വദേശി നായർകുഴി അനീഷ് രാജുവാണ് പിടിയിലായത്. സംഭവം കഴിഞ്ഞ ദിവസം ഉച്ചയോടെ മുക്കം മാമ്പറ്റയിൽ നടന്നു.
അഗസ്ത്യമുഴി ഭാഗത്തുനിന്ന് കുന്നമംഗലം ഭാഗത്തേക്ക് ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന അനീഷ് രാജു, അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനം ഓടിച്ചെന്നാണ് പൊലീസ് പറയുന്നത്. അഗസ്ത്യമുഴി വളവിൽ ആദ്യം മറ്റൊരു കാറിൽ ഇടിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ടുപോയി. തുടർന്ന് വഴിയിലുണ്ടായ മറ്റ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും വിവരമുണ്ട്.
അവസാനം മാമ്പറ്റയിലെ ഒരു വീടിന്റെ ചുറ്റുമതിൽ ഇടിച്ചുതകർത്ത ശേഷമാണ് കാർ നിന്നത്. അപകടത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ആദ്യം ഇടിച്ച കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു.
സംഭവം കണ്ട നാട്ടുകാർ യുവാവിനെ തടഞ്ഞുവയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



