പാലക്കാട്: പൊട്ടിക്കിടന്ന കെഎസ്ഇബി സ്റ്റേ വയറിൽ തല കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് പുത്തൂർ സ്വദേശി ശശികുമാറിനാണ് അപകടത്തിൽ പരിക്കേറ്റത്.
കൊപ്പം ജംഗ്ഷനിൽ നിന്ന് പുത്തൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡരികിൽ പൊട്ടിക്കിടന്ന സ്റ്റേ വയറിൽ ശശികുമാറിന്റെ തല കുടുങ്ങുകയും നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന് പിന്നാലെ നാട്ടുകാർ കെഎസ്ഇബിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരെത്തി പൊട്ടിക്കിടന്ന സ്റ്റേ വയർ ശരിയാക്കി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.



