കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് എത്തിയ മിസൈലുകളും ഡ്രോണുകളും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തുടനീളം സൈറണുകൾ മുഴക്കുകയും സുരക്ഷാ സംവിധാനങ്ങൾ ജാഗ്രത ശക്തമാക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ശത്രുവിന്റെ മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതിന്റെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസവും കുവൈത്തിലെ ഊർജ–ജല പ്ലാന്റിനെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായതിനെ തുടർന്ന് രാജ്യത്ത് കുടിവെള്ളത്തിന്റെ ആവശ്യകത വർധിച്ചതായി റിപ്പോർട്ടുണ്ട്. മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയെ തുടർന്ന് അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ചും ജനങ്ങൾക്കിടയിൽ ആശങ്ക ഉയരുന്നുണ്ട്.


