Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാൽപന്തിന്റെ പുതിയ തമ്പുരാൻ ആര്? യമാൽ യു​ഗമോ മിശിഹാ വാഴ്ച്ചയോ? ഒരു ടിക്കറ്റിന് 22 ലക്ഷം വരെ! കളി കാണാൻ ട്രംപും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വീറും വാശിയും നിറഞ്ഞ 103 മത്സരങ്ങൾ. കാൽപ്പന്ത് മാമാങ്കത്തിന്റെ പുത്തൻ തമ്പുരാക്കന്മാർ ആരെന്നറിയാൻ ഇനി ശേഷിക്കുന്നത് ഒരേയൊരു കളി മാത്രം.. അതിനായി ന്യൂജേഴ്‌സി നഗരം ഒരുങ്ങിക്കഴിഞ്ഞു. കാൽപന്തിന്റെ മിശിഹ ലയണൽ മെസ്സി നയിക്കുന്ന അർജന്റീയും സുന്ദരമായ ടോട്ടൽ ഫുട്ബോളിന്റെ പ്രയോക്താക്കളായ സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ രണ്ടു തലമുറകളിലെ പ്രതിഭകളുടെ പോരാട്ടം കൂടിയാകും. 39-കാരനായ മെസ്സിയും സ്പെയിനിന്റെ കൗമാരപ്രതിഭ ലാമിൻ യമാലും മുഖാമുഖം വരുന്നു. കിരീട പോരാട്ടം ഞായറാഴ്ച രാത്രി 12. 30 മുതൽ ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ. മെസി ബാഴ്സയിൽ യുവതാരം ആയിരിക്കെ കുഞ്ഞായ യമാലിനെ കുളിപ്പിക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. അതെ, അക്ഷരാർത്ഥത്തിൽ രണ്ട് തലമുറകളുടെ കൂടെ പോരാട്ടമാണിന്ന്.

ലോകഫുട്ബോളിന്റെ കളിത്തൊട്ടിലാണ് സ്പെയിൻ. ലോകോത്തരതാരങ്ങൾ വളർന്നുവരുന്ന പ്രദേശം. മെസ്സി കളിച്ചുതെളിഞ്ഞതും പ്രതിഭയെ മിനുക്കിയെടുത്തതും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിലാണ്. സ്പാനിഷ് ശൈലി മറ്റാരേക്കാളും മനഃപാഠമാക്കിയ മെസ്സിയെ തളയ്ക്കുക എന്നതാവും അവരുടെ ഏറ്റവും വലിയ തലവേദനയും. ഉദിച്ചുയരുന്ന പ്രതിഭ യമാലിന്റെ കുതിപ്പുകളും ഫോമിലേക്കുയർന്ന സ്പാനിഷ് ടീമിന്റെ ഒത്തിണക്കവും മറികടക്കുക എന്നതാണ് നിലവിലെ ചാമ്പ്യന്മാർ നേരിടുന്ന വെല്ലുവിളി. ഒപ്പം, സ്പാനിഷ് പ്രതിരോധം മറികടന്ന് വലകുലുക്കുക എന്ന കനത്ത വെല്ലുവിളി മറകടക്കുകയും വേണം.

ഏറ്റവും മികച്ച ആക്രമണനിരയുമായിവന്ന കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനെ സ്‌പെയിൻ നിഷ്പ്രഭമാക്കിയ കളി നാം കണ്ടമ്പരന്നു. തരാതരം ശൈലിമാറ്റാൻ, റിസർവ് ബെഞ്ചിനെ ഫലപ്രദമായി ഉപയോഗിക്കാൻ മറ്റാരേക്കാളും കഴിവുള്ള അർജന്റീനയുടെ കോച്ച് സ്‌കലോണിയുടെ തന്ത്രങ്ങൾ അവസാന പരീക്ഷണങ്ങൾക്കു തയ്യാറെടുക്കുകയാവുമെന്നുറപ്പ്.

മെസ്സിക്കുവേണ്ടി മരിക്കാൻ തയ്യാറുള്ള, പിന്നിലായി പോയാലും അവസാന നിമിഷങ്ങളിൽ പൊരുതി തിരിച്ചുവരുന്ന അർജന്റീനാ ടീം ചാവേറുകളെപ്പോലെ അപകടകാരികളാണ്. സുവർണ ബൂട്ടും പന്തും മറ്റൊരു ലോകകപ്പും എന്ന മോഹിപ്പിക്കുന്ന ആശയത്തിന് മെസ്സിയെക്കാൾ അർഹൻ മറ്റാരുമില്ലെന്ന് അവർക്കറിയാം. പക്ഷേ ഇനി അതിന് മെസി കുറഞ്ഞത് രണ്ട് ​ഗോളെങ്കിലും നേടണം എംബാപ്പെയെ മറികടക്കാൻ.

കൊമ്പുകുലുക്കി കോർത്തെറിയാൻവരുന്ന ലോകചാമ്പ്യന്മാരെ തളയ്ക്കാൻ സ്പാനിഷ് മാറ്റഡോറുകൾക്കാവുമോ എന്ന ആകാംക്ഷയുയരുമ്പോൾ കലാശമത്സരം എൽ ക്ലാസിക്കോ ആവുമെന്ന പ്രതീക്ഷയിലാണ് ലോകം. കാളപ്പോരിന്റെ ചങ്കൂറ്റമുണ്ട് അവരുടെ മനസിൽ. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ശനിയാഴ്ച കനത്ത മഴയാണ്. കാനഡയിലെ കാട്ടുതീയിൽനിന്നുള്ള പുകപടലങ്ങളും ഈ പ്രദേശത്ത് കുറച്ചുദിവസമായി അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ന്യൂജേഴ്‌സിയിലെ തുറന്ന സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കേണ്ടത്. മഴ പെയ്തതിനാൽ പുകയുടെ പ്രശ്‌നം കുറയുമെന്ന് കരുതുന്നു. അതുകൊണ്ട് ഫൈനൽ നിശ്ചയിച്ചപോലെത്തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫൈനൽ കാണാനുള്ള ഒരു ടിക്കറ്റിന്റെ വിലയാണ് ഞെട്ടിക്കുന്നത്. ന്യൂയോർക്കിലെ ന്യൂജേഴ്സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള കലാശപ്പോരാട്ടം. യുഎസ് കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ചലവേറിയ മത്സരമായി ലോകകപ്പ് ഫൈനൽ മാറാൻ ഒരുങ്ങുകയാണ്. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച് ഫൈനൽ മത്സരത്തിലെ ഏറ്റവും കുറ‍ഞ്ഞ നിരക്ക് 6,943 ഡോളറാണ്, എന്നുവെച്ചാൽ ഏതാണ്ട് 5.8 ലക്ഷം രൂപ.

പ്രമുഖ ടിക്കറ്റ് പ്ലാറ്റ്ഫോമായ ടികിപിക് നൽകുന്ന വിവരമനുസരിച്ച് ഫൈനൽ പോരാട്ടത്തിന്റെ ശരാശരി ടിക്കറ്റ് വില 11,327 ഡോളറാണ് (ഏതാണ്ട് 9.5 ലക്ഷം രൂപ). ഫൈനലിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് വില 28,479 ഡോളറാണ്, അതായത് ഏതാണ്ട് 23.8 ലക്ഷം രൂപ!

കളിക്കളത്തിന് പുറത്തെ രാഷ്ട്രീയം കൗതുകങ്ങൾക്കും വഴി മാറുകയാണ്. ലോക ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടെത്തും. എന്നാൽ സ്വന്തം രാജ്യം കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഗാലറിയിൽ ട്രംപിനൊപ്പമിരുന്ന് കളി കാണാൻ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് ഉണ്ടാകില്ല. പ്രത്യേക ‘അന്ധവിശ്വാസ’ത്തിന്റെ ഭാഗമായാണ് മിലെയ് യുഎസിലേക്കുള്ള യാത്ര ഒഴിവാക്കിയതത്രേ. അർജന്റീനയിൽ ‘കബാല’ എന്ന് വിളിക്കുന്ന ആചാരപരമായ വിശ്വാസങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

കഴിഞ്ഞ വർഷം ചെൽസി ക്ലബ് ലോകകപ്പ് നേടിയപ്പോൾ വേദിയിൽ നിന്നു മാറാതെ കളിക്കാർക്കൊപ്പം ട്രംപ് വിജയം ആഘോഷിച്ചതും പിന്നീട് ട്രോഫിയുടെ പകർപ്പ് സ്വന്തം ഓഫീസിൽ സൂക്ഷിച്ചതും വലിയ ചർച്ചയായിരുന്നു. ഇത്തവണ ഫൈനലിൽ ട്രംപ് ആരെ പിന്തുണയ്ക്കുമെന്നത് വ്യക്തമല്ല.

ഇതിഹാസം ലയണൽ മെസിയുടെ അവസാന ലോകകപ്പ് മത്സരവും ഇതായിരിക്കും. തുടർച്ചയായ രണ്ടാം കിരീടം എന്ന പൊൻതൂവൽ ആ കരിയറിനെ പൂർണമാക്കുമോ എന്നതാണ് പ്രധാന ആകാംഷ. ‘മനോഹര കാലം സമ്മാനിച്ച മാന്ത്രികൻ, മെസിയെ പരമാവധി ആസ്വദിക്കു’ എന്നാണ് കോച്ച് സ്കലോണിയുടെ വാക്കുകൾ. ഒപ്പം യമാലിനെ പ്രശംസിക്കുന്നുമുണ്ട്. ഫൈനലിൽ ലാമിൻ യമാലിനെ തടയുകയെന്നതായിരിക്കും ഞങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി. മൈതാനത്തുനിന്ന് യമാലിനെ മാറ്റിനിർത്തുകയായിരിക്കും ഏക പോംവഴി. അതിന് യമാലിനെ മുറിയിൽ പൂട്ടിയിടേണ്ടിവരും എന്നാണ് സ്കലോണി പറഞ്ഞത്.

28 വർഷം കിരീട വിജയങ്ങളൊന്നുമില്ലാതെ നിന്ന അർജന്റീനയെ 2021ൽ കോപ്പ അമേരിക്ക, 2022ൽ ലോകകപ്പ്, പിന്നാലെ ഫൈനലിസിമ, 2024ൽ വീണ്ടും കോപ്പ അമേരിക്ക അന്താരാഷ്ട്ര കിരീട നേട്ടങ്ങളിലേക്ക് നയിച്ച പരിശീലകനാണ് സ്കലോനി. സ്കലോനിയും മെസിയും ചേർന്നാണ് ടീമിൽ പുതു തരം​ഗം തന്നെ തീർത്തത്. 2021ൽ കോപ്പ അമേരിക്ക നേടി തുടക്കമിട്ട സുവർണ സംഘത്തിന്റെ യാത്ര മറ്റൊരു ലോകകപ്പ് ഫൈനലിൽ എത്തി നിൽക്കുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. ലോക കിരീടം നിലനിർത്തി മെസി പടിയിറങ്ങുമോ എന്നാണ് അവർ ഉറ്റുനോക്കുന്നത്. അതോ ഫുട്ബോളിൽ യമാൽ യു​ഗത്തിന്റേയും സ്പാനിഷ് ആധിപത്യത്തിന്റേയും തുടക്കമാകുമോ എന്നും കാത്തിരുന്ന് കാണാം.

Advertisement
WhiteswanTV Footer