തിരുവനന്തപുരം: ഐഎസ്ആർഒയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് ചർച്ചയാകുന്നതിനിടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ പുതിയ നേട്ടം. സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചതോടെ രാജ്യത്തെ സ്വകാര്യ ബഹിരാകാശ രംഗം ശ്രദ്ധ നേടുകയാണ്.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ സ്ഥാപകൻ പവൻകുമാർ ചന്ദന മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനാണ്. തിരുവനന്തപുരം വിഎസ്എസ്സിയിൽ ആറുവർഷം ജിഎസ്എൽവി മാർക്ക്-3 റോക്കറ്റ് പദ്ധതിയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഈ അനുഭവമാണ് വിക്രം റോക്കറ്റിന്റെ വികസനത്തിന് സഹായകമായത്.
വിക്രം-1 റോക്കറ്റിലെ പ്രധാന പേലോഡുകൾ നിർമിച്ചതിലും ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾ പങ്കാളികളായി. കുറഞ്ഞ സമയത്തിനുള്ളിൽ സ്വകാര്യ കമ്പനി ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.
അതേസമയം, ഐഎസ്ആർഒയിൽ ജോലി ചെയ്യുന്ന യുവ എൻജിനിയർമാർക്ക് മതിയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ഇതാണ് പലരും സ്വകാര്യ ബഹിരാകാശ കമ്പനികളിലേക്ക് മാറാൻ കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി നൂറിലധികം ശാസ്ത്രജ്ഞർ സ്വകാര്യ മേഖലയിലേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട്.
സ്‌പേസ് എക്‌സ്, ബ്ലൂ ഒറിജിൻ, റോക്കറ്റ് ലാബ് തുടങ്ങിയ ആഗോള കമ്പനികളുടെ നിരയിലേക്ക് സ്‌കൈറൂട്ട് എയ്റോസ്പേസും എത്തിയത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ്. എന്നാൽ ഐഎസ്ആർഒയിൽ ജീവനക്കാരെ നിലനിർത്താൻ കൂടുതൽ ആനുകൂല്യങ്ങളും മികച്ച ശമ്പളവും നൽകേണ്ടതുണ്ടെന്ന ആവശ്യം ശക്തമാകുകയാണ്. സ്വകാര്യ എയ്റോസ്പേസ് കമ്പനികൾ ഐ.എസ്.ആർ.ഒ. നൽകുന്നതിനെക്കാൾ ഉയർന്ന ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഇത് ശാസ്ത്രജ്ഞരുടെ മാറ്റത്തിന് കാരണമാകുന്നുവെന്നും വിലയിരുത്തപ്പെടുന്നു.


