ശബരിമല സ്വർണ്ണക്കൊള്ള പുതിയ പുതിയ തലങ്ങളിലേക്ക് കടക്കുകയാണ് . എവിടെയാണെങ്കിലും പ്രശ്നം ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരോ രാഷ്ട്രീയ നേതാക്കൾക്കോ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം തന്നെയാണ് . മുൻ ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിട് സന്ദർശിച്ചെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വീണ്ടും വിവാദങ്ങൾ സിപിഎമ്മിനെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നു.
പോറ്റിയുടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിന് അല്ലെന്നും പോറ്റിയുടെ പിതാവിന്റെ ചടങ്ങുമായി ബന്ധപ്പെട്ടാണെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. കടകംപള്ളിയും രാജു ഏബ്രഹാമും പോറ്റിയുടെ പിതാവിന് സമ്മാനം കൊടുക്കുന്ന ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണം
അതിന് പിന്നാലെ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും തമ്മിലുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തു വന്നത് വീണ്ടും മറ്റു പല വിവാദങ്ങൾക്കും തിരികൊളുത്തി. അടുർ പ്രകാശും ഉണ്ണികൃഷ്ണൻപോറ്റിയും തമ്മിലുള്ള ബന്ധം സോണിയ ഗാന്ധിയുമെത്തുള്ള ചിത്രങ്ങൾ പുറത്ത് വന്നത് മുതൽ എന്നും സ്ംശയത്തിന്റെ നിഴലിൽ തന്നെയായിരുന്നു. പലതരത്തിൽ ആരോപണങ്ങൾ ഉയർന്നപ്പോഴും കോൺഗ്രസ്സ് നേതാക്കൾ പോറ്റിയെ കേറ്റിയ പാട്ടുമായി നടന്നു.
പോറ്റിയും പ്രകാശും ബംഗളൂരുവിൽ വച്ചെടുത്തിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വെറും ചിത്രമല്ല എവിടെ പോയാലും സമ്മാനം കൊടുക്കൽ പതിവുള്ള പോറ്റി അടൂർ പ്രകാശിന് ഉപഹാരം കൈമാറുന്ന ചിത്രമാണു പുറത്തുവന്നത്. മുൻപ് ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അപ്പോഴെല്ലാം മണ്ഡലത്തിൽ വച്ചുള്ള പരിചയം മാത്രമാണു തനിക്കുള്ളതെന്നാണ് അടൂർ പ്രകാശ് പറഞ്ഞിരുന്നത്. ഈ വാദം പൊളിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
പോറ്റിയുമായുള്ള ഫോട്ടോ പ്രചരിച്ചുകഴിഞ്ഞാൽ വിശദികരണം നൽകലാണ് ഇപ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ പ്രധാന തൊഴിൽ. കടകംപള്ളിയുടെ വിശദീകരണം കഴിഞ്ഞതേയുള്ളു അടുത്ത വെളിപ്പെടുത്തലുമായി അടുർ പ്രകാശും എത്തിയിട്ടുണ്ട്.
ഏതൊക്കെ തരത്തിൽ തന്നെ മോശക്കാരനാക്കാൻ ശ്രമിച്ചാലും അതൊന്നും വിജയിക്കില്ലെന്നും, ജനം എല്ലാം വിലയിരുത്തുന്നുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. 2019ൽ എംപിയായതിനു ശേഷമാണ് ആദ്യമായി പോറ്റിയെ കാണുന്നതെന്നും ശബരിമലയിൽ അന്നദാനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചെന്നും അടൂർ പ്രകാശ് പറഞ്ഞു. പോറ്റി തിരഞ്ഞ് പിടിക്കുന്നത് സമൂഹത്തിൽ ഉന്നതങ്ങളിൽ ഇരിക്കുന്നവരെയാണ്. എംപി ആകുന്നതിന് മുന്നെ സാധാരണ രാഷ്ട്രീയക്കാരനായിരുന്നപ്പോൾ അടുർപ്രകാശിനെ തിരഞ്ഞ് പോകാതിരുന്ന പോറ്റി എംപി ആയപ്പോൾ പോയതാണോ അതോ എംപി ആയ പ്രകാശ് പോറ്റിയെ തേടി പോയതാണോ എന്നതാണ് ഇപ്പോൾ ഉയരുന്ന സംശയം.
അടുർ പ്രകാശ് പറയുന്നത് പോറ്റിയുടെ പിതാവ് മരിച്ചപ്പോൾ വീട്ടിൽ പോയിരുന്നെന്നും, ബംഗളൂരുവിൽ വച്ച് പോറ്റി തന്ന സമ്മാനത്തിൽ ഈന്തപ്പഴമായിരുന്നു എന്നുമാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സഹകരിക്കുന്നവരും ബന്ധമുള്ളവരും ഇനിയും മറ നീക്കി പുറത്ത് വരാനുണ്ടോ എന്നാണ് ജനങ്ങൾക്കിപ്പോൾ അറിയേണ്ടത്. പോറ്റിയുമായി ബന്ധമുള്ളവരെ വ്യക്തമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പലർക്കും അഭിപ്രായമുണ്ട് . സോണിയ ഗാന്ധി മുതൽ ഫോട്ടോ വന്ന ഓരോരുത്തരെയും പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയും യഥാർത്ഥ കുറ്റവാളികളെ അഴിക്കുള്ളിൽ കയറ്റുകയും വേണം.
ഇതിനിടയിൽ കേൾക്കുന്ന രസകരമായൊരു കാര്യം പോറ്റിയുമായി ബന്ധമുള്ളവരുടെ പുതിയ പുതിയ ചിത്രങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ ഇപ്പോൾ ജയിലിൽ കഴിയുന്നവരെ പുറത്ത് വിട്ട് പുതിയ പ്രതികളും കൂട്ട് പ്രതികളും അകത്താകുമോ എന്നാണ് പലരും ചോദിക്കുന്നത്.
കേസുമായി സഹകരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥർക്കുമേൽ യാതൊരു നിയന്ത്രണങ്ങളും ഏൽപ്പിക്കാതെയും കേസന്വേഷണവുമായി സഹകരിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ശബരിമലയിൽ ആരൊക്കെ മോഷണം നടത്തിയോ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും എന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോയിട്ടുമില്ല.
പുതിയ പുതിയ മുഖങ്ങൾ കേസിന്റെ ഭാഗമാകുമ്പോൾ ശബരിമലയിൽ എന്ത് സംഭവിച്ചു എന്നറിയാനുള്ള പൊതുജനങ്ങളുടെ ആഗ്രഹവും വർധിച്ചു വരികയാണ്.






