പുതിയ ഗൂഗിൾ അക്കൗണ്ടുകൾ സൃഷ്ടിക്കുന്ന ഉപയോക്താക്കൾക്ക് ഇനി തുടക്കത്തിൽ 5 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് മാത്രമാകും ലഭിക്കുക. ആപ്പിളിന്റെ ഐക്ലൗഡും മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവും നൽകുന്ന അടിസ്ഥാന സ്റ്റോറേജ് പരിധിയോട് ഒപ്പമെത്തുന്ന രീതിയിലാണ് ഗൂഗിളിന്റെ പുതിയ നീക്കം.
ഇതുവരെ ലഭ്യമായിരുന്ന 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കാൻ ഇനി ഫോൺ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് സ്ഥിരീകരണം നിർബന്ധമാകും. അക്കൗണ്ട് തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ഉപയോക്താക്കൾ ഫോൺ നമ്പർ നൽകി സ്ഥിരീകരണം പൂർത്തിയാക്കേണ്ടതുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നീ സേവനങ്ങൾക്കായി പങ്കിട്ടാണ് ഈ സ്റ്റോറേജ് ഉപയോഗിക്കപ്പെടുന്നത്.
സുരക്ഷയും സേവനങ്ങളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായാണ് ഈ മാറ്റമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. എന്നാൽ ഉപയോക്തൃ വിവര ശേഖരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള വ്യാപാര തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ചില നിരീക്ഷകർ വിലയിരുത്തുന്നു.
ഡിജിറ്റൽ സേവനങ്ങൾ സൗജന്യമായി നൽകുന്നതിനൊപ്പം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൂടുതൽ കൃത്യമായി ശേഖരിക്കുന്ന പ്രവണതയിലേക്കാണ് ആഗോള സാങ്കേതിക കമ്പനികൾ നീങ്ങുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഫോൺ നമ്പർ നിർബന്ധമാക്കുന്നതിലൂടെ ഉപയോക്താക്കളെ കൂടുതൽ വ്യക്തമായി തിരിച്ചറിയാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്.
നിലവിലുള്ള ഗൂഗിൾ അക്കൗണ്ടുകളെ ഈ മാറ്റം ബാധിക്കില്ല. ഇന്ത്യയിൽ പുതിയ നിബന്ധന എപ്പോൾ നടപ്പാക്കുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ഗൂഗിളിന്റെ സഹായ പേജിൽ “15 ജിബി സ്റ്റോറേജ് ലഭിക്കും” എന്ന പരാമർശം “15 ജിബി വരെ ലഭിക്കും” എന്നാക്കി മാറ്റിയിട്ടുണ്ട്.






