കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ മുണ്ടക്കൈയിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 178 കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. 304 വീടുകളുടെ വാർപ്പ് പൂർത്തിയായി. മൊത്തം 64.47 ഹെക്ടറിൽ 410 വീടുകളാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കി കൈമാറും.
വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും. 7 സെന്റ് ഭൂമിയിൽ ഏകദേശം 1000 ചതുരശ്ര അടിയിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ സൗകര്യപ്രദമായി ഒരു നില കൂടി പണിയാൻ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ സ്ട്രക്ചർ.






