ഇടുക്കി: അടിമാലിക്ക് സമീപം തോക്കുപാറയിൽ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തോക്കുപാറ സ്വദേശിനിയായ 25കാരി പൊലീസ് നിരീക്ഷണത്തിലാണ്.
അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാസമുറയെ തുടർന്നുള്ള രക്തസ്രാവമാണെന്നാണ് യുവതി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ പരിശോധനയിൽ ഇത് തെറ്റാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ വെള്ളത്തൂവൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വൈകിട്ട് നാലുമണിയോടെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ ചോദ്യം ചെയ്താൽ മാത്രമേ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.




