എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കും, മുൻ എംഎൽഎ പി. വി. അൻവറിനും നിർണായകമായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യ ഫലസൂചന എട്ടരയോടെ ലഭ്യമാകും. രാവിലെ എട്ട് മണിയോടെ ചുങ്കത്തറ മാർത്തോമ ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് വോട്ടെണ്ണൽ. 14 ടേബിളുകളിലായി 19 റൗണ്ട് വോട്ടെണ്ണൽ നടക്കുന്നത്. പൂർണ ആത്മവിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് മുന്നണികളും സ്ഥാനാർഥികളും. സമീപകാലത്തെ ഉപതെരഞ്ഞെടുപ്പുകളുടെ കണക്കെടുത്താൽ നിലമ്പൂരിലാണ് ഏറ്റവും ഏറ്റവും കൂടുതൽ പോളിംങ് രേഖപ്പെടുത്തിയത്. ജനവിധി അറിയാൻ ഇനി കേവലം മണിക്കൂറുകൾ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെയും അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെയും വിജയ സൂചനകൾ അതിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വലിയ വിജയം പ്രതീക്ഷിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നേരിയ വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നു. ഇടതുപക്ഷത്തിൽ നിന്നും രാജിവെച്ച് ഈ തെരഞ്ഞെടുപ്പിന് തന്നെ കാരണക്കാനായ പി.വി. അൻവർ മത്സരരംഗത്തിറങ്ങിയത് മുന്നണികളുടെ കണക്കുകൂട്ടലുകളെ ആശയ കുഴപ്പത്തിലാക്കുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, പി. വി. അൻവറിനും ഒരുപോലെ നിർണായകമാണ്. എൽഡിഎഫ് സ്ഥാനാർഥി നിസാര വോട്ടുകൾക്കാണ് തോൽക്കുന്നതെങ്കിൽ, അടിയന്തരാവസ്ഥകാലത്തെ ആർഎസ്എസ് സഹകരണം തുറന്നുപറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് വിമർശന പെരുമഴയാകും നേരിടേണ്ടി വരിക. മുഖ്യമന്ത്രിയെ നിരന്തരം വിമർശിച്ചു കൊണ്ടിരുന്ന പി. വി. അൻവർ, യുഡിഎഫിൻ്റെ ഭാഗമാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ, പി. വി. അൻവർ വിമർശിച്ചതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത നിലപാട് സ്വീകരിച്ചു.കെ. സുധാകരനും, രമേശ് ചെന്നിത്തലയും വിഷയത്തിൽ ഇടപെട്ടു. മുസ്ലിം ലീഗ് നേതാക്കളും അൻവറിനായി സംസാരിച്ചുവെങ്കിലും സതീശൻ കടുത്ത നിലപാട് തുടരുകയായിരുന്നു. ഒടുവിൽ സ്വതന്ത്രനായി മത്സരിക്കേണ്ടി വന്ന അൻവർ കൂടുതൽ വോട്ട് പിടിക്കുകയും, ഷൗക്കത്ത് പരാജയപ്പെടുകയും ചെയ്താൽ, സതീശനെതിരെ പരസ്യ വിമർശനമുയരുമെന്നതും ഉറപ്പുള്ള കാര്യമാണ്. എന്നാൽ അൻവർ മത്സരിച്ചിട്ടും ഷൗക്കത്ത് ജയിച്ചാൽ, സതീശന് കുറച്ച് കാലത്തേക്ക് കോൺഗ്രസിലോ, യുഡിഎഫിലോ എതിരാളി ഉണ്ടാകില്ല. ഇനി അങ്ങോട്ട് സതീശന്റെ കാലമായിരിക്കും കോൺഗ്രസിലും യുഡിഎഫിലും. ഇപ്പോൾ സതീശനെ വെട്ടുവാൻ കാത്തിരിക്കുന്നവർക്കും തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വയനാടൻ എം.പി. പ്രിയങ്കാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി എം.എ. ബേബി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ തുടങ്ങി പ്രമുഖ നേതാക്കൾ നിലമ്പൂരിൽ മുന്നണികൾക്കായി പ്രചാരണത്തിനെത്തി. തൃണമൂൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി. അൻവറിന് വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ കളത്തിലിറങ്ങിയത് പ്രചാരണത്തിന് ആവേശം കൂട്ടിയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് മുന്നണികൾ നിലമ്പൂരിൽ പയറ്റിയത്.മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രധാന കേന്ദ്രങ്ങളിലുമായി നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലികളിൽ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് പുറമെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.എം. ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ള നേതാക്കളും നിലമ്പൂരിൽ പ്രതിപക്ഷത്തിന്റെ കഴിവുകേടുകളെ തുറന്നുകാണിക്കാനാണ് ശ്രമിച്ചത്. മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗ ശല്യം, വൈദ്യുതി വേലിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ മരണം, ദേശീയപാത 66-ന്റെ തകർച്ച, രണ്ടാം പിണറായി സർക്കാരിന്റെ ഭരണ വീഴ്ചകളും അഴിമതിയും സ്വജനപക്ഷപാതവും തെറ്റായ പോലീസ് നയങ്ങളുമാണ് യു.ഡി.എഫ്. നേതാക്കൾ പ്രചാരണായുധമാക്കിയത്. ബി.ജെ.പി. അവസാനഘട്ടത്തിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടെങ്കിലും പ്രമുഖ ദേശീയ നേതാക്കളാരും മണ്ഡലത്തിൽ സജീവമായിരുന്നില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കൾ നിലമ്പൂരിൽ എത്തിയിരുന്നു. പി.വി. അൻവർ സജീവമായി മണ്ഡലത്തിൽ പ്രചാരണരംഗത്തുണ്ടെങ്കിലും തൃണമൂൽ കോൺഗ്രസ് നേതാക്കളാരും മണ്ഡലത്തിൽ എത്തിയിരുന്നില്ല. ആര്യാടൻ ഷൗക്കത്തിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ, സമസ്തയുടെ വിയോജിപ്പ്, കത്തോലിക്കാ കോൺഗ്രസിന്റെ നിലപാട്, എസ്.എൻ.ഡി.പി.യുടെ രാഷ്ട്രീയ നിലപാട് എന്നിവയും അൻവർ ഇഫക്ടും നിലമ്പൂരിലെ പോരാട്ടവീര്യം വർധിപ്പിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ പി.വി. അൻവറും ഇടതുമുന്നണിയുമായുള്ള ഭിന്നതയായിരുന്നു നിലമ്പൂരിലെ പ്രധാന ചർച്ചാവിഷയം.



