മലപ്പുറം: തിരഞ്ഞെടുപ്പ് കാലത്തെ നാടകങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കാന്‍ പാടില്ല എന്ന ഒരു നിയമം ഉണ്ടാക്കേണ്ടി വരും. ഇതൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്നും എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം നാടകങ്ങളുമായി വരിക, ഭീഷണി ഉയര്‍ത്തുക, എന്നിട്ടോരോ പ്രതീതി സൃഷ്ടിക്കുക. അതിന്റെയൊക്കെ കാലം കഴിഞ്ഞു എന്നാണ് മനസിലാക്കേണ്ടത്. തിരഞ്ഞെടുപ്പ് സംബന്ധിയായ സാധാരണ പരിശോധനകളില്‍ നിന്ന് യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ ഒഴിവാക്കണം എന്നൊരു നിയമം നമ്മുടെ നാട്ടില്‍ കൊണ്ടുവന്നാല്‍ മതി. അപ്പോള്‍ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടും. ഞങ്ങള്‍ ഇതിലൊന്നും പ്രതികരിക്കാനില്ല. അതൊക്കെ ജനങ്ങള്‍ വിലയിരുത്തും. അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു പരിശോധന. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്.






