വരുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. ആരൊക്കെ ഓരോ മുന്നണികളിലും സ്ഥാനാർത്ഥികൾ ആകുമെന്ന കണക്കുകൂട്ടലുകൾ ആണ് ഏവരും നടത്തുന്നത്. 2026 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ നിലമ്പൂരിലെ ജനവിധി എല്ലാവർക്കും ഒരേ പോലെ നിർണായകമാണ്. മുന്നണികളേക്കാളും പാർട്ടികളെക്കാളും ഒന്നുംകൂടി നിലമ്പൂരിലെ പോരാട്ടം അഗ്നിപരീക്ഷയാകുന്നത് പി വി അൻവറിനാണ്.
2016ലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. ആര്യാടന് മുഹമ്മദ് പിന്മാറിയ മണ്ഡലത്തില്‍ ആര്യാടന് ഷൗക്കത്ത് മത്സരിക്കാനിറങ്ങിയെങ്കിലും പിതാവിന് നല്കിയ പിന്തുണ വോട്ടര്‍മാര്‍ മകന് നല്‍കിയില്ല. അന്ന് ആര്യാടനെ പരാജയപ്പെടുത്തിയത് പി വി അൻവർ ആയിരുന്നു. പിന്നീട് തുടർച്ചയായി രണ്ടുതവണ അൻവർ തന്നെ മണ്ഡലത്തിൽ വിജയിക്കുകയായിരുന്നു. ഒടുവിൽ മുഖ്യമന്ത്രിമായും സിപിഎമ്മുമായും ഇടഞ്ഞ അൻവർ എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരുന്നത്.
മുഖ്യമന്ത്രിയോട് സഭയിലെ മറ്റ് സിപിഎം എംഎൽഎമാർക്ക് പോലും ഇല്ലാത്ത തരത്തിലുള്ള സ്നേഹം സ്വതന്ത്രനായ പി വി അൻവറിന് ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ അടക്കം അധിക്ഷേപിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ ഒന്നടങ്കം വെറുപ്പ് അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. എന്നാൽ ഒടുവിൽ താൻ രാപ്പകൽ ഇല്ലാതെ ന്യായീകരിക്കുകയും പിന്തുണ അർപ്പിക്കുകയും ചെയ്ത അതേ മുഖ്യമന്ത്രി തന്നെ പ്രതിസന്ധികാലത്ത് അൻവറിനൊപ്പം നിന്നില്ല.






