വയനാട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണത്തിൽ ചികിത്സാപിഴവാണെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി. മരണം ചികിത്സാ വീഴ്ചയെന്ന അമ്മ രംബീസയുടെ ആരോപണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞുവെന്നും, സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. ചികിത്സാപിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം, ആരോഗ്യ മന്ത്രിക്കും പരാതി സമർപ്പിക്കുമെന്നും അറിയിച്ചു.
എന്നാൽ കുട്ടിയുടെ മരണത്തിൽ ചികിത്സാ വീഴ്ചയില്ലെന്ന നിലപാടിലാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗോപാലകൃഷ്ണൻ. “കുട്ടിക്ക് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മൈക്രോബയോളജി റിപ്പോർട്ട് അമീബിക് അണുബാധയാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഫോറൻസിക് റിപ്പോർട്ടിൽ വ്യത്യാസം കാണുന്നു. ഈ വൈരുധ്യം പരിശോധിച്ച് വ്യക്തത വരുത്തേണ്ടത് മെഡിക്കൽ കോളേജിന്റെയും മെഡിക്കൽ ബോർഡിന്റെയും ഉത്തരവാദിത്വമാണ്, എന്ന് അദ്ദേഹം പറഞ്ഞു.
പനിയെ തുടർന്ന് ഓഗസ്റ്റ് 14-ന് അനയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്നുമണിയോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. ആദ്യഘട്ട പരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും, പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയാണെന്ന് കണ്ടെത്തി.






