തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. ഇതിനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിതിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തുന്നത് അനുസരിച്ച് കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാന്‍ കഴിയുമെന്നാണ് വിവരം.
പൊലീസ് അന്വേഷണത്തില്‍ നീതി കിട്ടുമെന്ന വിശ്വാസമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കുമെന്നാണ് കുടുംബം പറയുന്നത്. അതേസമയം അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. സഹപാഠികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. നിലവില്‍ ആത്മഹത്യയെന്ന വിലയിരുത്തലിലാണ് പൊലീസ്. എന്നാല്‍ ആത്മഹത്യ ചെയ്യില്ലെന്ന് തന്നെയാണ് കുടുംബം ഉറപ്പിച്ച് പറയുന്നത്. അതേസമയം ആരോപണ വിധേയര്‍ക്ക് എതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.




