കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് ഭീഷണിയെന്ന ആരോപണത്തിൽ പൊലീസിന്റെ നിർണായക നടപടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് സിം കാർഡുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ഇവരെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.
അതേസമയം, ബിഡിഎസ് വിദ്യാർത്ഥി നിതിന്റെ മരണത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. നിതിന്റെ മാതൃ സഹോദരനും സഹോദരി ഭർത്താവും ഡിജിപിയെ നേരിൽ കണ്ട് പരാതി അറിയിച്ചു. മരണത്തിന് പിന്നിൽ ഓൺലൈൻ വായ്പ സംഘത്തിന്റെ ഭീഷണിയുണ്ടായിരിക്കാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ജാതി അധിക്ഷേപത്തിനൊപ്പം ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി സന്ദേശങ്ങളും നിതിൻ നേരിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി 8000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘം നിതിന് സന്ദേശം അയച്ചിരുന്നു. ഇതിന് മറുപടിയായി താൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് നിതിൻ പ്രതികരിച്ചതായും ചാറ്റുകളിൽ നിന്ന് വ്യക്തമാണ്.
ലോൺ ആപ്പ് സംഘം നിതിന്റെ അധ്യാപികയെയും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. തുടർന്ന് അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ അദ്ദേഹത്തെ ഓഫീസിലേക്ക് വിളിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ലോൺ ആപ്പിൽ നിന്ന് പണം എടുത്തത് വീട്ടിൽ അറിയാമായിരുന്നുവെന്നും അമ്മയുടെ ചികിത്സയ്ക്കായാണ് പണം ഉപയോഗിച്ചതെന്നും നിതിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. കോളേജ് അധികൃതർ ഭീഷണിയെക്കുറിച്ച് കുടുംബത്തെ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണം തുടരുകയാണ്.




