കോട്ടയം: അപകടത്തിൽ പരിക്കേറ്റ സ്ത്രീയ്ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ മരിച്ചെന്ന ആരോപണം ഉയർന്നു. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി (46) യാണ് മരിച്ചത്.
മാർച്ച് 27-ന് മേരികുളം കൂരമ്പാറയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ആൻസിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഏപ്രിൽ 6-ന് ഡിസ്ചാർജ് ചെയ്തു. നട്ടെല്ലിന് പരിക്കുള്ളതിനാൽ വീട്ടിൽ വിശ്രമിക്കാനായിരുന്നു നിർദേശം. ചൊവ്വാഴ്ച രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാഷ്വാലിറ്റിയിൽ രണ്ടുമണിക്കൂറോളം കിടത്തിയ ശേഷം മാത്രമാണ് വാർഡിലേക്ക് മാറ്റിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വാർഡിൽ ബെഡ് ലഭിക്കാത്തതും, സമയത്ത് ഡ്രിപ്പ് ഇടാതിരുന്നതും കാരണം ആൻസിയുടെ നില വഷളായതായും അവർ പറയുന്നു.
ചികിത്സയിൽ വീഴ്ചയുണ്ടായതായി ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം എഴുതി നൽകി വെള്ളിയാഴ്ച രാവിലെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആൻസി മരിച്ചു. അതേസമയം, ബന്ധുക്കൾ സ്വയം ഡിസ്ചാർജ് വാങ്ങിയാണ് രോഗിയെ കൊണ്ടുപോയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മതിയായ ചികിത്സ ലഭിക്കാത്തതുമായി ബന്ധപ്പെട്ട ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും അവർ അറിയിച്ചു. ഉപ്പുതറ പൊലീസ് കേസിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് നടക്കും.




