ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി രംഗത്ത്. രാജ്യം ഭരിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചതെന്ന് പ്രിയങ്ക ആരോപിച്ചു. കേന്ദ്ര സർക്കാർ രാജ്യാന്തര സമ്മർദ്ദത്തിലാണെന്നും അത് പൊതുജനങ്ങൾക്ക് വ്യക്തമാനിന്നും പ്രിയങ്ക പറഞ്ഞു.
മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടാണ് സർക്കാർ ഈ ബിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചിരുന്നുവെന്നും, ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദുർബലപ്പെടുത്താനാണ് ശ്രമമെന്നും പ്രിയങ്ക പറഞ്ഞു. ലോക്സഭയിൽ ബിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്നും, പ്രതിപക്ഷ ഐക്യം ഇതിലൂടെ പ്രകടമായെന്നും അവർ പറഞ്ഞു. ഫെഡറൽ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള ശ്രമം പരാജയപ്പെട്ടതും ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രിയങ്ക വ്യക്തമാക്കി.
അധികാരത്തിൽ തുടരാനായി സർക്കാർ ഗൂഢാലോചന നടത്തുകയാണെന്നും, സ്ത്രീകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു. ബിൽ പാസായാലും ഇല്ലെങ്കിലും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുസരിച്ച് സർക്കാർ നിലപാട് മാറ്റുമെന്ന് അവർ പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ പ്രതിപക്ഷം ശക്തമായി നിലകൊള്ളുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.




