എറണാകുളം: കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ ടാർ ചെയ്ത റോഡ് പിറ്റേന്നാൾ തന്നെ ജല അതോറിറ്റി പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ചതോടെ നാട്ടുകാരിൽ പ്രതിഷേധം ശക്തമായി. മൂവാറ്റുപുഴ വാളകം പഞ്ചായത്തിലെ മേക്കടമ്പ് കരോട്ടെ വാളകത്ത് വ്യാഴാഴ്ച ടാർ ചെയ്ത ബി.എം.ബി.സി നിലവാരത്തിലുള്ള റോഡാണ് വെള്ളിയാഴ്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആറ് മീറ്റർ നീളത്തിൽ കുഴിച്ചത്.
കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന പൈപ്പ് ലൈൻ തകരാറിലായതിനെ തുടർന്നാണ് നടപടി എന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. ടാറിങ്ങിന് ഒരാഴ്ച മുൻപ് തന്നെ പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിരുന്നുവെന്നും പൈപ്പ് പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും പറയുന്നു. എന്നാൽ ടാർ ചെയ്ത ശേഷം മാത്രമാണ് റോഡ് പൊളിക്കേണ്ട സാഹചര്യം ഉണ്ടായത്.
“കുടിവെള്ളം വേണമെങ്കിൽ റോഡ് പൊളിക്കേണ്ടി വരും” എന്ന നിലപാടാണ് കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു. റോഡ് നിർമാണത്തിന് മുൻപേ തന്നെ പൈപ്പ് ലൈൻ പ്രശ്നം അറിയിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറയുന്നു.
ഇരു വകുപ്പുകളും തമ്മിലുള്ള ഏകോപനക്കുറവാണ് പ്രശ്നത്തിന് കാരണമാകുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഇതിനിടെ പ്രദേശത്തെ നിരവധി ഭാഗങ്ങളിൽ കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്.
റോഡിന്റെ ഇരുവശങ്ങളിലുമല്ലാതെ പ്രധാനമായും ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗത്താണ് നീളത്തിൽ കുഴിയെടുത്തിരിക്കുന്നത്. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളോ മതിയായ ലൈറ്റുകളോ ഇല്ലാത്തത് രാത്രിയാത്രയ്ക്ക് വലിയ അപകടസാധ്യത ഉണ്ടാക്കുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് ഡിവൈഡറുകൾ മാത്രം സ്ഥാപിച്ചതായും അവർ പറയുന്നു.
മുന്പും സമാന രീതിയിൽ ദേശീയപാതയിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങളിൽ സുരക്ഷാ വീഴ്ചകൾ മൂലം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റമില്ലെന്ന വിമർശനവും ഉയരുന്നു.




