മലപ്പുറം: മലപ്പുറത്തിന് ആശ്വാസമായി പുതിയ നിപ പരിശോധനഫലം. നിലവിൽ ജില്ലയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 499 പേര് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേർ ഐസിയുവിലുണ്ട്. ജില്ലയിൽ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര് ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര് ഹൈയസ്റ്റ് റിസ്കിലും 117 പേര് ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.





