ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റുകൾ ബിഗ് ബോസ് താരങ്ങൾക്കും റിയാലിറ്റി ഷോക്കാർക്കും ചാരിറ്റി സിംഹങ്ങൾക്കും വീതം വെക്കാനുള്ളതല്ലെന്ന് ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്‌സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളായി രംഗത്തിറങ്ങുന്ന ഇത്തരക്കാരെ മാറ്റിനിർത്തി, പാർട്ടിക്ക് വേണ്ടി താഴെത്തട്ടിൽ പണിയെടുത്ത തൊഴിലാളികൾക്ക് കുറഞ്ഞത് പത്ത് ശതമാനം സീറ്റുകളെങ്കിലും നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം.
കേരളത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് വരാൻ പോകുന്ന തിരഞ്ഞെടുപ്പ്. പിആർ ഏജൻസികൾ കെട്ടിപ്പൊക്കിയ പുകപടലങ്ങൾക്കപ്പുറം സകല മേഖലകളും തകർത്തെറിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ വിധിയെഴുതാൻ കാത്തിരിക്കുകയാണ്. ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം പറ്റാൻ ബിജെപി കാത്തിരിക്കുന്ന ഈ സങ്കീർണ്ണ സാഹചര്യത്തിൽ ജനകീയരായ നേതാക്കളെയാണ് പാർട്ടി പരിഗണിക്കേണ്ടതെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
പാർട്ടിക്ക് വേണ്ടി വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്ത തൊഴിലാളികൾക്കിടയിൽ നിന്ന് യുവാക്കളും അനുഭവസമ്പന്നരും ഒരുപോലെ പരിഗണിക്കപ്പെടണം. തദ്ദേശ തിരഞ്ഞെടുപ്പിൽ യുവ സ്ഥാനാർത്ഥികൾ ഇടതു കോട്ടകളിൽ പോലും അംഗീകരിക്കപ്പെട്ടത് കോൺഗ്രസ് പാഠമാക്കണം. കേന്ദ്രത്തിലെ മോദി സർക്കാർ തുടർച്ചയായ തൊഴിലാളി വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുമ്പോൾ, അതിനെതിരെ ശബ്ദമുയർത്താൻ തൊഴിലാളി നേതാക്കൾ നിയമസഭയിലെത്തേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്.
കാലങ്ങളായി പ്രസ്ഥാനത്തിന്റെ കൊടി കെട്ടാനും പോസ്റ്റർ ഒട്ടിക്കാനും ആളെ കൂട്ടാനും പൊതുജനങ്ങൾക്കൊപ്പം അടിത്തട്ടിൽ പണിയെടുക്കാനും മാത്രമല്ല, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ഐഎൻടിയുസി പ്രവർത്തകർ യോഗ്യരാണെന്ന് നേതൃത്വം തിരിച്ചറിയണം. തങ്ങളെ വെറും ‘പണിക്കാർ’ മാത്രമായി കാണുന്നതിൽ നേതാക്കൾക്ക് സംശയമുണ്ടോ എന്നും യുവ തൊഴിലാളി വിഭാഗം വാർത്താക്കുറിപ്പിലൂടെ ചോദിച്ചു.




