തൃശ്ശൂർ: ദേശീയപാതകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ എഐ ഉപയോഗം ഫലപ്രദമായി മുന്നേറുന്നതിനിടെ, പാതപരിപാലനത്തിലും അതിന്റെ സാധ്യതകൾ വ്യാപകമായി പ്രയോജനപ്പെടുത്താൻ ദേശീയപാത അതോറിറ്റി പുതിയ പദ്ധതി തയ്യാറാക്കി.
രാജ്യത്തെ 40,000 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ദേശീയപാതകളിൽ ഈ സാങ്കേതിക സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഉയർന്ന നിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച റൂട്ട് പട്രോൾ വാഹനങ്ങളിലൂടെ പാതകളുടെ നിലവാരം നിരീക്ഷിക്കും.
ഡാഷ്ബോർഡിൽ ഘടിപ്പിച്ച ക്യാമറകൾ ഉപയോഗിച്ച് ആഴ്ചയിൽ ഒരിക്കൽ നിർബന്ധിത നിരീക്ഷണം നടത്തും. ശേഖരിക്കുന്ന ദൃശ്യങ്ങൾ എ.ഐ.യും മെഷീൻ ലേണിംഗും ഉപയോഗിച്ച് വിശകലനം ചെയ്ത് കുഴികൾ, വിള്ളലുകൾ, അസമമായ പാതകൾ എന്നിവ ഉൾപ്പെടെ ഏകദേശം 30 തരത്തിലുള്ള തകരാറുകൾ കണ്ടെത്താൻ സാധിക്കും.
പാതയിലെ മാർക്കിംഗുകൾ, സുരക്ഷാ അടയാളങ്ങൾ, അപകട മുന്നറിയിപ്പുകൾ എന്നിവയും വിലയിരുത്തും. മാസത്തിൽ ഒരിക്കൽ രാത്രി പട്രോളിംഗ് നടത്തി റോഡുകളിലെ ലൈറ്റിംഗ് സംവിധാനവും പരിശോധിക്കും.
കയ്യേറ്റങ്ങൾ, അനധികൃത പാർക്കിംഗ്, വെള്ളക്കെട്ട്, ബസ് സ്റ്റോപ്പുകളുടെ അവസ്ഥ തുടങ്ങിയവയും ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കും. ശേഖരിക്കുന്ന വിവരങ്ങൾ ഏകോപിപ്പിച്ച് വിശകലനം ചെയ്യുന്നതിനായി പ്രത്യേക വിഭാഗവും രൂപീകരിക്കും. നിരന്തരമായ ഈ വിലയിരുത്തൽ വഴി ദേശീയപാതകളുടെ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ.






