ന്യൂഡൽഹി : ഡോക്ടർ ഡെത്ത് എന്ന പേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധ പരമ്പര കൊലയാളിയെ പിടികൂടി ഡൽഹി പോലീസ് . കള്ളപ്പേര് ഉപയോഗിച്ച് ഒരു ആശ്രമത്തിൽ പുരോഹിതനായി തുടരുകയായിരുന്ന 67കാരനായ ദേവേന്ദർ ശർമയെയാണ് പോലീസ് പിടികൂടിയത്. ഒരു ആയുർവേദ ഡോക്ടറായിരുന്ന ഇയാൾ 1998 നും 2004 നും ഇടയിൽ അനധികൃത വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് നടത്തിയിരുന്നു.കൂടാതെ ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് വ്യത്യസ്ത കൊലപാതക കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശർമ്മക്ക് , ഒരു കേസിൽ ഗുരുഗ്രാം കോടതിയിൽ നിന്ന് വധശിക്ഷയും ലഭിച്ചിരുന്നു .
എന്നാൽ 2023 ഓഗസ്റ്റിൽ തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ശർമ്മ പരോളിൽ ഒളിവിൽ പോകുകയായിരുന്നു. അന്നുമുതൽ ഒളിവിൽ കഴിയുകയായിരുന്നു. അലിഗഡ്, ജയ്പൂർ, ഡൽഹി, ആഗ്ര, പ്രയാഗ്‌രാജ് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലായി ആറ് മാസം നീണ്ടുനിന്ന ഒരു ഓപ്പറേഷനുശേഷം, ദൗസയിലെ ഒരു ആശ്രമത്തിലേക്ക് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. അതേസമയം 2002 കാലഘട്ടത്തിലാണ് ശർമ്മ ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തുന്നത് . നിരവധി പേരെ ഇയാൾ കൊന്നിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഇയാൾ ശരീരം മുതലകൾക്ക് ഭക്ഷിക്കാനായി നൽകിയിരുന്നു ഡ്രൈവർമാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ കൊന്ന് വാഹനങ്ങൾ വിൽക്കുകയുമായിരുന്നു ചെയ്തിരുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിങ്ങനെ 27 കേസുകൾ ഇയാൾക്കെതിരെയുണ്ട്.






