ടെക്സസ്: കഴിഞ്ഞ ലോകകപ്പിന്റെ തനിയാവർത്തനമായി മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു. പ്രീ ക്വാർട്ടറിൽ സഹ ആതിഥേയരായ കാനഡയെ വീഴ്ത്തി മൊറോക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറി. മറുപടിയില്ലാത്ത 3 ഗോളുകൾക്കാണ് മൊറോക്കോയുടെ ജയം. അസ്സെദിൻ ഒനാഹി ഇരട്ട ഗോളുകൾ നേടി. മത്സരത്തിലുടനീളം ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. രണ്ടാം പകുതിയിലാണ് 3 ഗോളുകളും പിറന്നത്.
തുടക്കം മുതൽ തന്നെ വീറുറ്റ പോരാട്ടമായിരുന്നു ഇരുടീമുകളുടേതും. അഞ്ചാം മിനിറ്റിൽ കാനഡയ്ക്കായി ജൊനാതൻ ഡേവിഡിന് മികച്ച അവസരം കിട്ടി. എന്നാൽ മൊറോക്കോയുടെ ഗോൾകീപ്പർ യാസിൻ ബോനോ കൃത്യമായ ഇടപെടലിലൂടെ അത് വിഫലമാക്കി. ആദ്യ 20 മിനിറ്റിൽ കാനഡയായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത്. എന്നാൽ പിന്നീട് മൊറോക്കോയും മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരു ടീമുകളിലേയും താരങ്ങൾ കടുത്ത ഫൗളിന് വിധേയമായി. കളി പരുക്കനായി മാറി. ആദ്യപകുതിയുടെ അവസാനം ഉന്തും തള്ളുമുണ്ടായി. അതോടെ റഫറി മഞ്ഞക്കാർഡ് പുറത്തെടുത്തു. ആദ്യ പകുതി ഗോൾരഹിതം.
രണ്ടാം പകുതിയിൽ 50, 82 മിനിറ്റുകളിൽ ഗോൾ പിറന്നു. ഇഞ്ച്വറി ടൈമിൽ സൂഫിയാന റഹീമി മൂന്നാം ഗോളും കണ്ടെത്തിയതോടെ കാനഡയുടെ പതനം പൂർണം.



