ടെക്‌സസ്: അമേരിക്കയിലെ ദക്ഷിണ ടെക്‌സസിലെ തിരക്കേറിയ ഹൈവേയിൽ ചെറുകിട ജെറ്റ് വിമാനം തകർന്നുവീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നാട്ടുകാരും യാത്രക്കാരും ചേർന്ന് നടത്തിയ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെയാണ് മറ്റ് അഞ്ച് യാത്രക്കാരെ ജീവനോടെ രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി ഏകദേശം 10 മണിയോടെ യുഎസ്–മെക്‌സിക്കോ അതിർത്തിക്ക് സമീപമുള്ള ലറെഡോയിലെ ലൂപ്പ് 20 ഹൈവേയിലാണ് അപകടം നടന്നത്. നെറ്റ്ജെറ്റ്‌സ് കമ്പനിയുടെ സെസ്‌ന സൈറ്റേഷൻ ലാറ്റിറ്റ്യൂഡ് വിമാനം തീപിടിച്ച നിലയിൽ ഹൈവേയിൽ തകർന്നുവീഴുകയായിരുന്നു.
മെക്‌സിക്കോയിലെ സാൻ ഹോസെ ഡെൽ കാബോയിൽ നിന്ന് ടെക്‌സസിലെ ഓസ്റ്റിനിലേക്ക് പോകുകയായിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ലറെഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. എന്നാൽ റൺവേയ്ക്ക് സമീപം വിമാനത്തിന്റെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെയാണ് വിമാനം ഹൈവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണത്.
തകർച്ചയ്ക്കിടെ വിമാനം ഒരു വാഹനത്തെ ഇടിക്കുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം രണ്ടായി പിളരുകയും തീപിടിക്കുകയും ചെയ്തു. ഈ സമയത്ത് ഹൈവേയിൽ ഉണ്ടായിരുന്ന വാഹനയാത്രക്കാരും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
മൺവെട്ടിയും ചുറ്റികയും ഉപയോഗിച്ച് വിമാനം കിടന്നിരുന്ന കോക്പിറ്റ് വിൻഡ്ഷീൽഡ് തകർത്താണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. ഈ രക്ഷാപ്രവർത്തന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. വിമാനം ഇടിച്ച വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നത് വ്യക്തമല്ല. പുകശ്വസനത്തെ തുടർന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് ലൂപ്പ് 20 ഹൈവേയിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. അപകടകാരണം സാങ്കേതിക തകരാറും ഇന്ധന പ്രശ്നവും ആയിരിക്കാമെന്ന് ലറെഡോ വിമാനത്താവള ഡയറക്ടർ ഗിൽബെർട്ടോ സാഞ്ചസ് അറിയിച്ചു.






