തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണ് പുതിയതായി യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലുമുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ തുറന്നിട്ടുണ്ടോ എന്ന് ഉറപ്പാക്കുകയും പകല്‍ സമയത്ത് തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളിലും മേല്‍ക്കൂര ദുർബലമായ വീടുകളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.






