വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. ഇന്ന് രാവിലെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, കാട്ടിക്കുളം വെള്ളാഞ്ചേരി പ്രദേശത്തെ ജനവാസ മേഖലയിലേക്ക് ഒറ്റയാൻ ഇറങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഇന്ന് രാവിലെയാണ് ആനയുടെ സാന്നിധ്യം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയത്. ജനവാസ മേഖലയിലുണ്ടായ ആനയുടെ സാന്നിധ്യം പ്രദേശവാസികളിൽ ആശങ്കയും ഭീതിയും സൃഷ്ടിച്ചു.
സംഭവത്തെ തുടർന്ന് വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് തുരത്താൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്. വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുവരെ പ്രദേശവാസികൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






