കൊല്ലം: സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യം ചില അംഗങ്ങൾ മുന്നോട്ടുവച്ചു.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപക സംഘങ്ങളുടെ സ്വാധീനത്തിലാണെന്നും അദ്ദേഹത്തിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ബിനോയ് വിശ്വം വേദിയിൽ ഇരിക്കെവെയായിരുന്നു ഈ വിമർശനങ്ങൾ.
നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ സിപിഐ മത്സരിച്ച നാല് മണ്ഡലങ്ങളിൽ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് പരാജയത്തിന് കാരണമായതെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. മുൻമന്ത്രി ജെ ചിഞ്ചുറാണിക്കെതിരെയും വിമർശനം ഉയർന്നു. പാർട്ടി പ്രവർത്തകരുമായി വേണ്ടത്ര ബന്ധം പുലർത്തിയില്ലെന്നും ചിലർ ആരോപിച്ചു.
പാർട്ടിക്ക് ഭരണം ലഭിക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ആഗ്രഹിച്ചിരുന്നുവെന്നും ഇഷ്ടക്കാരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാൻ ശ്രമമുണ്ടായെന്നും യോഗത്തിൽ വിമർശനം ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. സിപിഐക്ക് ശക്തമായ സ്വാധീനമുള്ള കൊല്ലം ജില്ലയിൽ നിന്നാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഇത്തരം വിമർശനങ്ങൾ ഉയർന്നത് എന്നത് രാഷ്ട്രീയമായി ശ്രദ്ധേയമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.






