തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ അറസ്റ്റിൽ. അന്തിക്കാട് മഞ്ഞപ്പിത്തം പ്രദേശത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഒളരി അരണാട്ടുകര സ്വദേശികളായ അത്താണിക്കൽ വീട്ടിൽ ജിത്ത് (29), ജീവ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 0.950 ഗ്രാം എംഡിഎംഎയും 42.760 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
മയക്കുമരുന്ന് വിൽപ്പനയ്ക്കും അളവെടുക്കുന്നതിനും ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ത്രാസുകൾ, ലഹരിവസ്തുക്കൾ പൊതിയുന്നതിനുള്ള സിപ്പ് ലോക്ക് കവറുകൾ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പറുകൾ, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള പ്രത്യേക ഉപകരണം എന്നിവയും പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 10,800 രൂപയും കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ജിത്ത് തൃശ്ശൂർ ഈസ്റ്റ്, വെസ്റ്റ്, ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച കേസുകളിലും മയക്കുമരുന്ന് ഉപയോഗം, ലഹരിയിലായിരിക്കെ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങളിലുമായി അഞ്ച് കേസുകളിൽ പ്രതിയാണ്. ജീവ ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
കാട്ടൂർ പൊലീസ് സ്റ്റേഷൻ സി.ഐ. വിനോജ്, ഡാൻസാഫ് സി.ഐ. വിപിൻ ഗംഗാധരൻ, എസ്.ഐമാരായ ജയകൃഷ്ണൻ പി., ഷൈൻ ടി.ആർ., എസ്.സി.പി.ഒമാരായ സോണി പി.എക്സ്., ഷിന്റോ, ഷാഡോ ടീം അംഗങ്ങളായ എസ്.സി.പി.ഒ. കൃഷ്ണദാസ് വി., സി.പി.ഒ. മിഥുൻ പി.എസ്. എന്നിവരും അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ടി.വി. ഋഷിപ്രസാദ്, സി.പി.ഒമാരായ രാജ്കുമാർ, വിനോദ്, വിജിത എന്നിവരും ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.




