Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒന്നിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫാസിസ്റ്റ് അജൻഡകൾ ഉയർത്തിപ്പിടിക്കുന്ന ബിജെപി അധികാരത്തിലിരിക്കുന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തെ മതരാഷ്‌ട്രമാക്കി മാറ്റാനുള്ള ആർഎസ്എസിന്റെ ശ്രമങ്ങൾക്കെതിരെ ഇടതുപക്ഷ ശക്തികളും മതനിരപേക്ഷവാദികളും ചേർന്ന് രൂപപ്പെടുത്തിയ പ്രതീക്ഷയായിരുന്നു ഇന്ത്യ കൂട്ടായ്‌മ. രാജ്യത്തെ പ്രതിപക്ഷനിരയെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും ശേഷവുമെന്ന നിലയിൽ ദേശീയരാഷ്ട്രീയം വിലയിരുത്തുന്നതിനിടയിലാണ് ഇന്ത്യസഖ്യത്തിന്റെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്നത്. ഭിന്നിച്ചുനിന്നാൽ ശത്രു വിഴുങ്ങുമെന്ന ആശങ്കയും, ചെറുത്തുനില്പിനുള്ള മാർഗ്ഗങ്ങൾ ആരായുന്നതിനും യോഗം വേദിയായി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടായിരുന്ന ഇന്ത്യസഖ്യത്തിലെ സംവിധാനമല്ല, ഫലമറിഞ്ഞതിനുശേഷം ഉണ്ടായത്. അഭിപ്രായ വ്യത്യാസങ്ങളും ആശയവ്യത്യാസങ്ങളും മാറ്റിവച്ച്‌ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തിരിച്ചറിഞ്ഞായിരുന്നു പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റ്‌ നില 240ലേക്ക് ചുരുക്കാനും ഭൂരിപക്ഷം ഇല്ലാതാക്കാനും പ്രതിപക്ഷ ഐക്യത്തിന് സാധിച്ചിരുന്നു. ഐക്യം ശക്തിപ്പെടുത്തി ബിജെപിക്കെതിരെ രാജ്യവ്യാപകമായ രാഷ്‌ട്രീയബദൽ സൃഷ്ടിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.

മോദിസർക്കാർ വനിതാസംവരണമെന്ന മറയ്ക്കുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച മണ്ഡലപുനർനിർണയ ബില്ലിനെ പാർലമെന്റിൽ പരാജയപ്പെടുത്താൻ ആവേശത്തോടെ ഒരുമിച്ച പ്രതിപക്ഷ പാർട്ടികളായിരുന്നു തിരഞ്ഞെടുപ്പിനുമുൻപ്‌. എന്നാൽ, തിരഞ്ഞെടുപ്പിനുശേഷം ചിത്രം പാടേ മാറി. തിരഞ്ഞെടുപ്പിലേറ്റ കനത്ത ആഘാതത്തിൽ തളർന്നവരും പോരടിച്ചവരും ചെളിവാരിയെറിഞ്ഞവരും പരിഭവക്കെട്ടും ചുമന്നാണ് ഇത്തവണ എത്തിയത്. സീറ്റുവിഭജനത്തിൽ തുടങ്ങിയ യുദ്ധം ഫലമറിഞ്ഞശേഷം മുന്നണിമര്യാദകൾ ലംഘിച്ച് പിണങ്ങിപ്പിരിയുകയും ചെയ്തതിന്റെ ചിത്രമാണ് തമിഴ്‌നാട്ടിൽനിന്ന് ഡി.എം.കെ.യും കോൺഗ്രസും നൽകിയതെങ്കിൽ, ബി.ജെ.പി.യോട് മാത്രമല്ല, ഇന്ത്യസഖ്യത്തിലെ സഹകക്ഷികളായ കോൺഗ്രസിനോടും ഇടതുപാർട്ടികളോടും പോരടിച്ച് കാൽച്ചുവട്ടിലെ മണ്ണിളകിയതിന്റെ പാപഭാരവും പേറിയാണ് മമതയുടെ ടിഎംസി എത്തിയത്.

കേരളത്തിലാകട്ടെ കോൺഗ്രസും ഇടതുപാർട്ടികളും വ്യക്തിഹത്യക്ക് സമാനമായ ആരോപണങ്ങളുമായി പോരടിച്ചതിന്റെ തുടർച്ചയായിരുന്നു. പ്രശ്നങ്ങൾ ചർച്ചചെയ്തതിനെക്കാൾ പരാതിക്കെട്ടുകൾ തുറക്കാനായിരുന്നു നേതാക്കൾക്ക് ആവേശം. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസിനോടും ഇന്ത്യസഖ്യമെന്ന സംവിധാനത്തോടും അവിശ്വാസം പ്രകടിപ്പിച്ച ടി.എം.സി.യും അവരുടെ നേതാവ് മമതാ ബാനർജിയും അമിതാവേശത്തോടെ യോഗത്തിനെത്തിയത് സ്വന്തം കപ്പൽ രക്ഷിക്കാൻ മറ്റുമാർഗ്ഗമില്ല എന്ന തോന്നലും കൊണ്ടാകാം.

ഡിഎംകെയെ അവഗണിച്ച് വിജയ്‌യുടെ ടിവികെയുമായി കോൺഗ്രസ് ബന്ധം സ്ഥാപിച്ചത് മുന്നണി മര്യാദകളുടെ നഗ്നമായ ലംഘനമാണ്. അതിന്റെ ഫലമായി ഡിഎംകെ ഇന്ത്യ കൂട്ടായ്‌മയിൽനിന്ന് അകന്നുനിൽക്കുന്ന സാഹചര്യമുണ്ടായി. ബിജെപിവിരുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലൊന്നായ തമിഴ്നാട്ടിൽ പ്രതിപക്ഷ ഐക്യത്തിന് ഇത് വലിയ തിരിച്ചടിയാണ്. കേരളത്തിലും കോൺഗ്രസ് സ്വീകരിച്ച നിലപാട് ഒട്ടും വ്യത്യസ്‌തമല്ല.

ദേശീയതലത്തിൽ ബിജെപിക്കെതിരെ പോരാടുന്നെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, കേരളത്തിൽ ബിജെപിയുമായി ചേർന്ന് ഇടതുപക്ഷത്തെ തകർക്കുകയെന്ന അജൻഡയാണ് നടപ്പാക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക്‌ കത്ത് നൽകിയിരുന്നു. ലോക്‌സഭ–നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുതന്നെ “എന്തുകൊണ്ട് ഇഡി പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല’ എന്നതായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കളും ഇതേറ്റു പിടിച്ചു. ബിജെപിയെ നേരിടാനുള്ള ഏറ്റവും വലിയ ശക്തി പ്രതിപക്ഷ ഐക്യമാണെന്ന സത്യം കോൺഗ്രസ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വനിതാസംവരണ ബിൽ അടക്കമുള്ള നിയമനിർമാണ നീക്കങ്ങൾ വീണ്ടും സജീവമായതിന്റെ കാരണം മറ്റൊന്നല്ല. പ്രതിപക്ഷക്കൂട്ടായ്മയ്ക്ക് വരുംകാല വെല്ലുവിളികളിലൊന്ന് അകമേ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ഇക്കാര്യത്തിൽ മുറിവുണക്കാൻ മുൻകൈയെടുക്കേണ്ടത് സഖ്യത്തെ നയിക്കുന്ന കോൺഗ്രസിന്റെ കടമയാണ്.

തൊഴിലില്ലായ്മയും വിലക്കയറ്റവും തുടർച്ചയായ പരീക്ഷാ ക്രമക്കേടുകളുമെല്ലാം പൊതുസമൂഹത്തെ നിരാശപെടുത്തുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചവരുത്തിയ കേന്ദ്ര സർക്കാരിനുനേരേ മാത്രമല്ല ജനം വിരൽചൂണ്ടുന്നത്. പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാത്ത പ്രതിപക്ഷത്തെയും അവർ വിമർശിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന ഒറ്റവരി പ്രമേയത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് പ്രതിപക്ഷം തിരിച്ചറിയണം. രാജ്യത്തിന്റെ പ്രശ്നങ്ങളെ പരിഹരിക്കാൻ ചേരുന്ന ഒത്തുചേരുന്ന ഇന്ത്യ കൂട്ടായ്‌മയെ രാഷ്‌ട്രീയ ലാഭങ്ങൾക്കായി തകർക്കുന്ന നടപടികൾ കോൺഗ്രസ് അടിയന്തരമായി തിരുത്തണം.

മോദി സർക്കാരിന്റെ ജനവിരുദ്ധ–വർഗീയ– ഏകാധിപത്യ നിലപാടുകൾക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷം എക്കാലവും മുൻപന്തിയിൽത്തന്നെ ഉണ്ടാകും. എന്നാൽ, ഈ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന നിലപാടുകൾ കോൺഗ്രസ് തുടർന്നാൽ, ചരിത്രം അവർക്ക് മാപ്പുനൽകില്ല. ഭരണഘടനയും ജനവികാരങ്ങളും ഭാവിപ്രതീക്ഷകളും സമൂഹതാത്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ക്രിയാത്മകമായ ഇടപെടലുകളുള്ള തിരുത്തൽശക്തിയാകണം പ്രതിപക്ഷം. അല്ലാത്തപക്ഷം അല്ലാത്തപക്ഷം ബിജെപിയുടെ ബി- ടീം മാത്രമായി അവർ അധഃപതിക്കും.

Advertisement
WhiteswanTV Footer