പാലക്കാട്: ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് നിരവധി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു. സിപിഐ ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ 200-ലേറെ പേരാണ് പാർട്ടി വിട്ടത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ മൂന്ന് പേരും 15-ഓളം ലോക്കൽ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചതായാണ് വിവരം. സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച നേതാക്കളെയും പ്രവർത്തകരെയും സിപിഐഎം സ്വീകരിച്ചു.
2017-ൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നവരാണ് ഒമ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും സിപിഐഎമ്മിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മണ്ണൂർ സിപിഐയുടെ ശക്തമായ പ്രദേശങ്ങളിലൊന്നായി മാറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മറ്റ് പ്രദേശങ്ങളിൽ ഇടതുമുന്നണിയായി മത്സരിച്ചപ്പോഴും മണ്ണൂരിൽ സിപിഐയും സിപിഐഎമ്മും പ്രത്യേകം മത്സരിച്ചത് ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ മണ്ണൂർ ലോക്കൽ കമ്മിറ്റിയും മണ്ഡലം, ജില്ലാ നേതൃത്വങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് സംഘടനാ നടപടി സ്വീകരിച്ചതോടെയാണ് പാർട്ടിയിലെ ഭിന്നത രൂക്ഷമായത്. പിന്നാലെയാണ് നിരവധി പ്രവർത്തകർ സിപിഐ വിട്ട് സിപിഐഎമ്മിൽ ചേരാൻ തീരുമാനിച്ചത്.




