പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു.
വീണ്ടും പുറത്തിറങ്ങിയാൽ മറ്റുള്ളവരെയും കൊല്ലുമെന്നും താൻ ഗാന്ധിയല്ലെന്നുമുള്ള പ്രതിയുടെ മുൻ പരാമർശങ്ങൾ കോടതി ചൂണ്ടിക്കാട്ടി. “ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല, ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ല” എന്ന നിലപാട് പ്രതി സ്വീകരിച്ചതായും കോടതി വ്യക്തമാക്കി.
പ്രതിക്ക് മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും, ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് സാക്ഷിമൊഴികളിൽ നിന്ന് വ്യക്തമാകുന്നതായും കോടതി പറഞ്ഞു.
ചെന്താമര വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി പരിഗണിച്ചു. കൊലപാതകങ്ങളിൽ പ്രതിക്ക് കുറ്റബോധമില്ലെന്നും, സംഭവത്തെ തുടർച്ചയായി ന്യായീകരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
ജാമ്യ വ്യവസ്ഥ ലംഘിച്ചാണ് പ്രതി വീണ്ടും കൊലപാതകം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. മുത്തശ്ശിയെ കൊന്നതിലൂടെ മക്കൾക്ക് അതിജീവിക്കാനുള്ള അവസരം പോലും പ്രതി ഇല്ലാതാക്കിയെന്നും കോടതി നിരീക്ഷിച്ചു.
മാനസിക സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്യാനായി വിഷം സൂക്ഷിച്ചെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്ന പ്രതിഭാഗ വാദവും കോടതി തള്ളി.
ജയിലിൽ ജോലി ചെയ്ത് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് സഹായം നൽകാമെന്ന പ്രതിയുടെ പരാമർശം മാത്രമാണ് ആത്മാർത്ഥമായി തോന്നിയതെന്നും കോടതി വ്യക്തമാക്കി.




