രാജ്യാന്തര വിപണികളെ കൂടുതൽ ആശങ്കയിലാഴ്ത്തി യുഎസ് ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. സംഘർഷം പുതിയ തലത്തിലേക്ക് കടന്നാൽ ക്രൂഡോയിൽ വില വീണ്ടും കത്തും. രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ നഷ്ടം തുടരും. സ്വർണവില വീണ്ടും ഇടിയാനും സാധ്യതയുണ്ട്.
മിഡിൽ ഈസ്റ്റിൽ വീണ്ടും രൂക്ഷമായ സംഘർഷം ആഗോള എണ്ണവിപണിയെ അസ്ഥിരമാക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിലെത്തിയത് പേടിക്കേണ്ട കാര്യം തന്നെയാണ്. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രായോഗികമായി തകർന്നതും ഹോർമുസ് കടലിടുക്കിലൂടെ എണ്ണഗതാഗതം തടസപ്പെടുമെന്ന ആശങ്കയും എണ്ണവിലയെ വീണ്ടും കുതിപ്പിക്കുകയാണ്.
തിങ്കളാഴ്ച വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 90 ഡോളറിന് മുകളിലെത്തി. അമേരിക്കൻ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡും 83 ഡോളറിന് മുകളിലായി വ്യാപാരം നടത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.
ഏതു നിമിഷവും ഇറാന്റെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിൽ ഹോർമുസ് വഴി പോകാൻ മടിച്ച് കപ്പലുകളും ജീവനക്കാരും. ഹോർമുസ് വഴി സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾ നേരിടുന്നത് വലിയ അപകട സാഹചര്യമാണെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസികൾ പറയുന്നു. ഇതുവഴിയുള്ള കപ്പലുകളുടെ സഞ്ചാരം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. യുദ്ധത്തിനു മുൻപ് 100ലധികം കപ്പലുകൾ പ്രതിദിനം ഇതുവഴി കടന്നുപോയിരുന്നു. നിലവിലിത് 15ലും താഴെയാണ്. ഹോർമുസ് വഴി പോകാൻ കപ്പൽ ജീവനക്കാരും തയാറാകുന്നില്ല. ഇതുസംബന്ധിച്ച് ഇന്ത്യൻ ജീവനക്കാർക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പുണ്ട്.
ലോകത്തിന്റെ അഞ്ചിലൊന്ന് ക്രൂഡോയിലും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് സംഘർഷ വേദിയായതോടെ ക്രൂഡോയിൽ വില പിടിവിട്ടു കുതിക്കുകയാണ്. മേയിലും ജൂണിലും കുറഞ്ഞിരുന്ന യുഎസ് ബ്രെന്റ് ക്രൂഡോയിൽ കഴിഞ്ഞ ദിവസം ബാരലിന് 88 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായില്ലെങ്കിൽ വില ബാരലിന് 100 ഡോളറിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇത് വില വീണ്ടും ബാരലിന് 115-120 ഡോളറിലേക്ക് കുതിക്കാനുള്ള സാഹചര്യം ഒരുക്കും.
ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 85 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന ഇന്ത്യയ്ക്ക് ഈ സാഹചര്യം വലിയ വെല്ലുവിളിയാണ്. അന്താരാഷ്ട്ര എണ്ണവില ഉയരുന്നത് ദീർഘകാലത്തേക്ക് തുടരുകയാണെങ്കിൽ ആഭ്യന്തര ഇന്ധനവിലയിലും സമ്മർദം വർധിക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം, ജൂലൈ 20-ലെ നിരക്കുകൾ പ്രകാരം രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോളിനും ഡീസലിനും നിലവിലുള്ള വിലയിൽ മാറ്റമില്ല. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടം തുടരുന്നതിനാൽ വരും ദിവസങ്ങളിലെ വിലനിർണയത്തിൽ അതിന്റെ സ്വാധീനം പ്രകടമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
ഇതോടെ ഇന്ത്യയിൽ വീണ്ടും പെട്രോൾ, ഡീസൽ വില വർധനയുണ്ടാകുമോയെന്ന ആശങ്കയും ശക്തമായി. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമെല്ലാം വില പെട്രോൾ, ഡീസൽ വില കൂട്ടിയിട്ടുണ്ട്. ഇന്ത്യയും ആ വഴിക്കു നീങ്ങിയാൽ രാജ്യത്ത് വീണ്ടും പണപ്പെരുപ്പം വർധിക്കും. നിലവിൽ റിസർവ് ബാങ്കിന്റെ സഹന പരിധിയായ 4 ശതമാനത്തിനു മുകളിലാണ് പണപ്പെരുപ്പം. പലിശ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുന്ന നീക്കമാണിത്. അതേസമയം, നിലവിൽ രാജ്യാന്തര വിലയിലെ ഷോക്ക് ഉപഭോക്താക്കളെ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയെ ആഗോള ക്രൂഡ് ഓയിൽ വില മാത്രമല്ല നിർണയിക്കുന്നത്. കേന്ദ്ര-സംസ്ഥാന നികുതികൾ, രൂപയുടെ ഡോളറിനെതിരായ മൂല്യം, റിഫൈനിംഗ് ചെലവ്, ഗതാഗത ചെലവ്, വിതരണച്ചെലവ് തുടങ്ങിയ ഘടകങ്ങളും അന്തിമ വിലയെ സ്വാധീനിക്കുന്ന പ്രധാന കാരണങ്ങളാണ്. ആഗോള സാഹചര്യം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ ഇന്ധനവിലയിലെ തുടർ നീക്കങ്ങൾ വിപണിയും ഉപഭോക്താക്കളും ഒരുപോലെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോൾ വില ഇനിയും കൂടുന്ന സാഹചര്യമുണ്ടായാൽ ഇപ്പോൾ തന്നെ തകർന്നിരിക്കുന്ന സാധാരണക്കാരുടെ ജീവിതം അടിമുടി താളംതെറ്റുമെന്ന കാര്യത്തിൽ സംശയമില്ല.




