കൊച്ചി: കൊച്ചിയിൽ ബാലവേലയ്ക്കായി എത്തിച്ച ഒൻപത് കുട്ടികളെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി. ബിഹാറിൽ നിന്നാണ് കുട്ടികളെ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കായി എത്തിച്ചതെന്നാണ് കണ്ടെത്തൽ.
മണിക്കൂറിന് 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ ജോലിക്കായി കൊണ്ടുവന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് ബിഹാർ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ എത്തിച്ച ഏജന്റിനായി അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ ദിവസമാണ് കുട്ടികളടങ്ങിയ സംഘം പാറ്റ്‌ന-എറണാകുളം സൂപ്പർഫാസ്റ്റ് ട്രെയിനിൽ കൊച്ചിയിലെത്തിയത്. 11 പേരടങ്ങിയ സംഘത്തിൽ ഒൻപത് കുട്ടികളെ കണ്ടതിനെ തുടർന്ന് റെയിൽവേ സംരക്ഷണ സേനയ്ക്ക് സംശയം തോന്നുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് 9നും 12നും ഇടയിൽ പ്രായമുള്ള കുട്ടികളെ ബാലവേലയ്ക്കായി കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയത്.
കുട്ടികൾക്കൊപ്പമുണ്ടായിരുന്ന സുനിൽ മണ്ഡൽ, ഡബ്ലു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അരുണ്‍ തോമസ് എന്നയാളുടെ നിർദേശപ്രകാരമാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
സംഭവത്തിൽ അരുണ്‍ തോമസിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണവും തുടർ നടപടികളും സംബന്ധിച്ച നടപടികൾ അധികൃതർ ആരംഭിച്ചു.




