പാലക്കാട്: ഒറ്റപാലം തോട്ടക്കരയിലെ ദമ്പതികളുടെ കൊലപാതകം മുൻകൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്. കോടതിയിൽ നിന്ന്
വളർത്തു മകൾ സുൽഫിയ കുഞ്ഞിനെ, ഭർത്താവ് മുഹമ്മദ് റാഫിക്ക് നൽകേണ്ടതില്ല എന്ന ഉത്തരവ് നേടിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തോട്ടക്കര നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവർ കൊല്ലപ്പെട്ട കേസിലെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. അറസ്റ്റിലായ മരുമകൻ മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് റാഫി കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നാണു പൊലീസിൻ്റെ കണ്ടെത്തൽ. മുഹമ്മദ് റാഫിയും ഭാര്യ സുൽഫിയയും തമ്മിലുള്ള
വിവാഹമോചന കേസ് തിരൂർ കുടുംബ കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവ് പ്രകാരം, ഇവരുടെ മൂന്നു വയസ്സുകാരൻ മകൻ മുഹമ്മദ് ഇഷാനെ റാഫിക്കൊപ്പം ആഴ്ചയിൽ ഒരിക്കൽ വിട്ടയക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
ഇതുപ്രകാരം കുട്ടിയെ മുഹമ്മദ് റാഫി കൊണ്ടുപോയെങ്കിലും കോടതി നിശ്ചയിച്ച സമയത്തിനു ശേഷം കുട്ടിയെ തിരികെ നൽകിയില്ല. ഇതിനിടെ ഇയാൾ ലഹരിക്കേസിലും പ്രതിയായി. ഇതിനു പിന്നാലെയാണു കുട്ടിയെ ഇനി പിതാവിനു നൽകേണ്ടതില്ല എന്ന നിലയിൽ സുൽഫിയക്ക് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചത്. ഇതിൻ്റെ വൈരാഗ്യമാണ് അരുംകൊലയിൽ കലാശിച്ചത്. റാഫി അടുക്കള ഭാഗത്തു കൂടി വന്നാണു നസീറിനെയും സുഹറയെയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
നസീറിൻ്റ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണം. ഇതുൾപ്പെടെ നാലിടത്തു കുത്തേറ്റു. കത്തി വയറിൽ തുളച്ചു കയറിയ നിലയിൽ ഇൻക്വസ്റ്റിനിടെ പൊലീസ് കണ്ടെത്തി. വയറിലേറ്റ കുത്താണു സുഹറയുടെ മരണകാരണം. ആന്തരീകാവയങ്ങൾ പുറത്തെത്തിയ നിലയിലായിരുന്നു. ആക്രമണത്തിനിടെ അടുത്തെത്തിയ ഇഷാനെ റാഫി ആക്രമിച്ചത് കയ്യിൽ കരുതിയിരുന്ന കത്തിരി കൊണ്ടാണെന്നാണു പൊലീസ് നിഗമനം. തോളിനു പരുക്കേറ്റ കുട്ടിയെ എടുത്ത് സുൽഫിയ മറ്റൊരു വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.




