ന്യൂഡല്‍ഹി: പഹല്‍ ഗാം ഭീകരാക്രമണം നടത്തിയ ടിആര്‍എഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍. യുഎന്‍ ഉപരോധ കമ്മറ്റിയുമായി കൂടിക്കാഴ്ച നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തെളിവുകളും കൈമാറി. ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ടിആര്‍എഫ് ആണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം രണ്ടുതവണ ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം. പാക് സമീപനം തുറന്നുകാട്ടാന്‍ വിദേശരാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കും. എംപിമാരുടെ പ്രതിനിധി സംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയക്കാനാണ് തീരുമാനം. 5 മുതല്‍ 6 എംപിമാര്‍ അടങ്ങുന്ന സംഘം യുഎസ് യുകെ ദക്ഷിണാഫ്രിക്ക ഖത്തര്‍ യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ആകും സന്ദര്‍ശിക്കുക.
അതേസമയം ഇന്ത്യാ- പാക് വെടിനിര്‍ത്തല്‍ ഈമാസം 18 വരെ നീട്ടി. പാകിസ്താന് ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ലയും ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയും ബുധനാഴ്ച്ച ഹോട്ട്ലൈന്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് ഈമാസം 18 വരെ വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണ ആയത്. പാകിസ്താന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 18ന് വീണ്ടും ഇരു രാജ്യങ്ങള്‍ തമ്മില്‍ വീണ്ടും ഡിജിഎംഒ തല ചര്‍ച്ച നടക്കും. അതിര്‍ത്തിയിലെ സേന വിന്യസം പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ചയാകും.






