ന്യൂഡൽഹി : പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ രഹസ്യവിവരങ്ങൾ കൈമാറിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ചതായി റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണത്തിന് മുൻപാണ് ഇവർ പാകിസ്ഥാനും ചൈനയും സന്ദർശിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വെള്ളിയാഴ്ച അറസ്റ്റിലായ ജ്യോതി മൽഹോത്രയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് ഹരിയാന പോലീസ് അവരെ ചോദ്യം ചെയ്തു വരികയാണെന്നും ഇവരുടെ വരുമാന സ്രോതസ്സുകൾ നിർണ്ണയിക്കാൻ ശ്രമിക്കുകയാണെന്നും കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പാകിസ്ഥാൻ സന്ദർശന വേളയിൽ ഇവർ നിരവധി ഉന്നത വ്യക്തികളുമായി ബന്ധം പുലർത്തയെന്നും രഹസ്യാന്വേഷണ ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നെനും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാവലർ വ്‌ളോഗറായ ഇവരുടെ വിദേശ യാത്രകൾക്ക് സഹായിച്ച ആളുകളെയും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. കൂടാതെ ട്രാവൽ വിത്ത് ജോ എന്ന ഇവരുടെ യൂട്യൂബ് ചാനലിലെ ഉള്ളടക്കം വിശകലനം ചെയ്തുവരികയാണ്.






