കോഴിക്കോട്: നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ നിപ വാർഡിലാണ് ഇവർ ചികിത്സയിലുള്ളത്.കഴിഞ്ഞ മാസം 25-ാം തീയതിയായിരുന്നു യുവതിയെ നിപ രോഗ ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് രോഗം മൂര്‍ച്ഛിതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ യുവതിക്ക് നിപ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലവും പോസിറ്റീവായിരുന്നു. ഇതോടെ യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ നിര്‍ദേശം നൽകിയിരുന്നു. അതേസമയം യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.






