ഓണക്കാലത്ത് കേരളത്തിന്റെ ഹൃദയം മുറിച്ച് റെയിൽവേ. പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളുരു എടുത്ത് മാറ്റി മൈസൂർ ഡിവിഷന് നൽകിയതിന്റെ ഷോക്കിലാണ് കേരളം ഒന്നടങ്കം. മംഗളൂരു നഷ്ടപ്പെടുമ്പോൾ പാലക്കാടിന്റെ ജീവനാണ് റെയിൽവേ എടുക്കുന്നത്. ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് ഒക്ടോബർ ഒന്നു മുതൽ മാറും. പ്രധാന ടെർമിനൽ സ്റ്റേഷനായ മംഗളൂരുവും പനമ്പൂർ പോർട്ടും ഉൾപ്പെടെയാണ് പാലക്കാട് ഡിവിഷന് നഷ്ടമാകുന്നത്.
1956ൽ രൂപീകരിച്ച പാലക്കാട് ഡിവിഷൻ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിൽ ഒന്നാണ്. യുപിഎ സർക്കാരിൻ്റെ കാലത്ത് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്. അതിനുശേഷവും പാലക്കാടിനെ ദുർബലപ്പെടുത്താൻ ആസൂത്രിത നീക്കങ്ങളുണ്ടായി. പാലക്കാടിനെ മംഗളൂരുവിൻ്റെ ഭാഗമാക്കാൻ മുൻപ് കേന്ദ്ര സർക്കാർ ശ്രമം നടത്തിയിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് കേരളം അതിനെ ചെറുത്തു തോൽപ്പിക്കുകയായിരുന്നു.
70 വയസ്സ് പൂർത്തിയാകുന്ന പാലക്കാടിന്റെ നിലനിൽപ്പ് തന്നെ ഇനി ഇല്ലാതാകും. ആദ്യം സേലം ഡിവിഷൻ പോയി. ഇനി മംഗളൂരുവും പോവുകാണ്. 1956 ഓഗസ്റ്റ് 31-നാണ് പാലക്കാട് ഡിവിഷൻ നിലവിൽ വന്നത്. പ്രായം വർധിക്കുന്തോറും പാലക്കാട് ഡിവിഷന്റെ പ്രവർത്തന വിസ്തൃതി കുറയുകയായിരുന്നു. ആദ്യം 1247.50 കിലോമീറ്ററായിരുന്നു റെയിൽപ്പാതകളുടെ ദൈർഘ്യം. തിരുവനനന്തപുരം ഡിവിഷൻ വന്നപ്പോൾ അത് 1132.98 കി.മി ആയി. 2007-ൽ സേലം ഡിവിഷൻ വന്നപ്പോൾ അത് 582.70 കി.മി ആയി ചുരുങ്ങി. ഇനി മംഗളൂരു കൂടി പോകുമ്പോൾ ഉള്ളാൾ മുതൽ മംഗളൂരു ജംഗ്ഷൻ വരെ 18 കി.മീ. പാലക്കാടിന് നഷ്ടപ്പെടും.
ഒപ്പം പനമ്പൂർ ന്യു മംഗളൂരു പോർട്ട് വഴിയുള്ള ചരക്കുവരുമാനം പൂർണമായും നഷ്ടപ്പെടും. ഡിവിഷന്റെ 75 ശതമാനത്തിന് മുകളിൽ ഈ മേഖലയിൽ നിന്നാണ്. മംഗളൂരു പോയാൽ പാലക്കാട് ഡിവിഷന് നഷ്ടമാകുന്നത് പ്രധാന ടെർമിനൽ സംവിധാനം കൂടിയാണ്.
ദക്ഷിണ റെയിൽവേയുടെ പ്രധാന ടെർമിനലുകളിൽ ഒന്നാണ് മംഗളൂരു. ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനാണ് ടെർമിനൽ സ്റ്റേഷൻ. തിരുവനന്തപുരം സെൻട്രലിലെ തിരക്കു കുറയ്ക്കാൻ സാറ്റലൈറ്റ് ടെർമിനലായി നേമം ടെർമിനൽ വരികയാണ്.
ചെന്നൈയുടെ നാലാമത്തെ റെയിൽവേ ടെർമിനലായി പെരമ്പൂരിലും പദ്ധതി തുടങ്ങി. പാലക്കാടിന് മാത്രമാണ് മറ്റൊരു പുതിയ ടെർമിനൽ സ്റ്റേഷൻ പദ്ധതി ഇല്ലാത്തത്. ടെർമിനൽ ഇല്ലെങ്കിൽ പുതിയ വണ്ടികളുടെ വരവ് നിലക്കും. ഭാവിയിൽ മലബാറിലേക്ക് പുതിയ തീവണ്ടികൾ ഓടിക്കാനും അവ വെക്കാനുമുള്ള വഴി ഇല്ലാതാകും. മംഗളൂരു എന്ന പുതിയ ഡിവിഷൻ പോകുമ്പോൾ പകരം സാറ്റലൈറ്റ് ടെർമിനൽ പാലക്കാടിനില്ല.
നിലവിൽ സതേൺ റെയിൽവേയുടെ ഭാഗമായ ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള പ്രദേശങ്ങളാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിക്കുന്നത്. ഇതോടെ പാലക്കാട് ഡിവിഷന് വലിയ വരുമാനം നൽകുന്ന പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷൻ്റെ ഭാഗമാകും. പ്രതിദിനം 2.75 കോടി രൂപ വരുമാനമുള്ള പാലക്കാട് ഡിവിഷന് പുതിയ തീരുമാനത്തിലൂടെ 1100 കോടിയോളം രൂപയുടെ വാർഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഡിവിഷൻ്റെ ചരക്ക് നീക്കത്തിൽ 90 ശതമാനവും മംഗളൂരു മേഖലയിൽ നിന്നാണ് ലഭിച്ചിരുന്നത്. വൻതോതിൽ അയിരുകൾ, രാസവളങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയുടെ കയറ്റിറക്ക് നടക്കുന്ന പനമ്പൂർ ഗുഡ്സ് യാർഡ് നഷ്ടമാകുന്നത് ഡിവിഷൻ്റെ സാമ്പത്തിക അടിത്തറ തകർക്കും. ടിക്കറ്റ് വരുമാനത്തിൽ മുന്നിലുള്ള എ വൺ സ്റ്റാറ്റസുള്ള മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ്റ്റേഷനുകളും ദക്ഷിണ പശ്ചിമ സോണിലേക്ക് മാറും.
600 കോടി രൂപയോളം വാർഷിക വരുമാനത്തിൽ പാലക്കാടിന് നഷ്ടമാകുമെന് കാൻസർകോട് പാസഞ്ചർ അസോസിയേഷൻ ഭാരവാഹി നിസാർ പെർവാഡ് പറഞ്ഞു. പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ നിർണ്ണായക സ്ഥാനമാണ് ന്യു മംഗളൂരു പോർട്ടിന്. ഈ മേഖല കൈവിട്ടു പോകുന്നതോടെ പ്രതിവർഷം 500- 600 കോടിയുടെ ചരക്ക് നീക്ക വരുമാനം പാലക്കാട് ഡിവിഷന് നേരിട്ട് നഷ്ടമാകും. പ്രവർത്തനച്ചെലവ് കണ്ടെത്താനാകാതെ ഡിവിഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വരും. പുതിയ വണ്ടികൾ ഉൾപ്പെടെയുള്ള വികസനവും ഫണ്ടും സ്തംഭിക്കപ്പെടും
ഇതിന് പുറമെ ട്രെയിന്‍ സമയത്തിലും മാറ്റം വരാന്‍ സാധ്യത. മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് തുടങ്ങി മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന എല്ലാ ട്രെയിനുകളുടെയും സമയം തീരുമാനിക്കുന്നത് ഇനി മൈസൂര്‍ ഡിവിഷനായിക്കും. ട്രെയിനുകളുടെ യാത്രാ ദൂരം വെട്ടികുറക്കുന്ന കാര്യത്തിലും മൈസൂര്‍ ഡിവിഷന് തീരുമാനമെടുക്കാം. മംഗളൂരുവില്‍ നിന്നും ട്രെയിനുകള്‍ പുറപ്പെടുന്നതിനാല്‍ പാലക്കാട് ഡിവിഷന് ഇനി മുതല്‍ യാത്രക്കാര്‍ക്ക് എമര്‍ജന്‍സി ക്വാട്ട അനുവദിക്കാനാകില്ല.
റെയിൽവേയിൽ കർണാടകയുടെ മേൽക്കോയ്മ ഉറപ്പിക്കുന്നതാണ് മംഗളൂരു വെട്ടിമാറ്റുന്ന നടപടിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിന് സ്വന്തമായി ഒരു റെയിൽവേ സോൺ എന്ന ആവശ്യം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉള്ള പ്രദേശം കൂടി നഷ്ടപ്പെടുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് നിഷേധിച്ചതിന് പിന്നാലെയാണ് റെയിൽവേയുടെ പുതിയ പ്രഹരം. ഇത് മലബാർ മേഖലയിലെ റെയിൽവേ ലൈനുകളുടെയും സ്റ്റേഷനുകളുടെയും വികസനത്തെ സാരമായി ബാധിക്കും. കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷൻ്റെ അനുമതി കൂടി വേണ്ടിവരും. കേരളത്തിലെ യാത്രക്കാർക്ക് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും നിലവിലെ ട്രെയിനുകളുടെ സമയം ക്രമീകരിക്കുന്നതിലും ഈ തീരുമാനം വലിയ തടസങ്ങൾ സൃഷ്ടിക്കും. എംപിമാരോടോ മറ്റോ ചർച്ച പോലും ചെയ്യാതെയാണ് പെട്ടെന്നുള്ള ഈ നീക്കമെന്നതും വലിയ ആക്ഷേപമായി ഉയരുന്നുണ്ട്.
മംഗലാപുരം ഉൾപ്പെടുന്ന പ്രദേശത്തെ മൈസൂർ ഡിവിഷനിലേക്ക് മാറ്റാൻ റെയിൽവേ ബോർഡ് കൈക്കൊണ്ട തീരുമാനം തികച്ചും പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് മലബാർ റെയിൽ യൂസേർസ് അസോസിയേഷൻ വിലയിരുത്തി. പാലക്കാട് ഡിവിഷന്റെ 60 ശതമാനത്തോളം വരുമാനം മംഗലാപുരം ഉൾപ്പെടുന്ന പ്രദേശമാണ്. ഇത് കേരളത്തോട്, പ്രത്യേകിച്ച് മലബാറിനോട് കാണിക്കുന്ന കൊടിയ വഞ്ചനയാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
വടക്കന്‍ കേരളത്തിന്റെ റെയില്‍വേ വികസന സ്വപ്നങ്ങളെ തകര്‍ക്കുന്ന അത്യന്തം പ്രതിഷേധാര്‍ഹവും അംഗീകരിക്കാന്‍ സാധിക്കാത്തതുമായ റെയില്‍വേ ബോര്‍ഡിന്റെ ഈ അന്യായമായ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനോടും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോടും ആവശ്യപ്പെട്ട് എംകെ രാഘവൻ എംപി അടിയന്തര സന്ദേശം അയച്ചിട്ടുണ്ട്. വരുമാനമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കി പാലക്കാട് ഡിവിഷനെ തകര്‍ക്കാനും വടക്കന്‍ കേരളത്തിലെ യാത്രക്കാരുടെ വികസന സാധ്യതകള്‍ ഇല്ലാതാക്കാനുമുള്ള റെയില്‍വേയുടെ ഈ നീക്കം മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. റെയിൽവേയുടെ നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നും റെയിൽവേ മന്ത്രിക്ക് ഉടൻ കത്തയക്കുമെന്നും കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, റെയിൽവേയുടെ ഈ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ കർണാടകയിലെ ബിജെപി നേതാക്കൾ അവകാശവാദങ്ങളുമായി മത്സരത്തിലാണ്. തങ്ങളുടെ ഇടപെടലിലാണ് ഇത്തരമൊരു നീക്കമുണ്ടായതെന്ന് സ്ഥാപിക്കാനുള്ള മത്സരം അവിടെ ആരംഭിച്ച് കഴിഞ്ഞു. തന്റെ പങ്ക് വിശദീകരിച്ച് കൊണ്ട് കർണാടകക്കാരനായ കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണയും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ നീക്കത്തിന് പിന്നിൽ കർണാടകയിലെ ബിജെപി നേതാക്കളുടെ നിരന്തര സമ്മർദ്ദമാണെന്നാണ് വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ രാഷ്ട്രീയ പോരുകളിലേക്കും ഇത് നയിച്ചേക്കാം.





[7673]f888 – Link vào tải app và sảnh game quay hũ đổi thưởng,f888 cung cấp link vào chính thức để tải app và trải nghiệm game quay hũ đổi thưởng. Hướng dẫn cách chơi baccarat trực tuyến và nạp tiền casino qua momo nhanh chóng. visit: f888