കൊല്ലം: നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
പരാതിയിൽ പോക്സോ വകുപ്പ് ഉൾപ്പെടുത്താത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും നൽകിയിട്ടും പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറായില്ലെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു.
കുട്ടിയുടെ കൗൺസിലിംഗ് പൂർത്തിയാക്കി മൊഴി വീണ്ടും രേഖപ്പെടുത്തിയതിന് ശേഷമേ പോക്സോ കേസ് പരിഗണിക്കൂ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ കുട്ടിക്ക് മുന്നിൽ പ്രതി ലൈംഗിക വൈകൃതം നടത്തിയെന്ന ആരോപണത്തിന് തെളിവുകളുണ്ടെന്ന് പരാതിക്കാരി പുറത്തുവിട്ട ഓഡിയോ ഉൾപ്പെടെയുള്ള വിവരങ്ങളിൽ വ്യക്തമാകുന്നതായാണ് റിപ്പോർട്ട്.
കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. മകൾക്ക് മുന്നിൽ പിതാവ് നടത്തിയതായി ആരോപിക്കുന്ന ലൈംഗിക വൈകൃതങ്ങളെക്കുറിച്ചും പരാതിയിൽ പരാമർശിച്ചിരുന്നു.
പ്രതി സ്വന്തം അമ്മയുടേയും മറ്റ് ചില സ്ത്രീകളുടേയും നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചിരുന്നതായും യുവതി ആരോപിച്ചിട്ടുണ്ട്. ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.











