കൊച്ചി: തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയിൽ സ്വർണമോതിരം വിതരണം ചെയ്യാനുള്ള കരാർ കേരളം ആസ്ഥാനമായ ജോയ്ആലുക്കാസിന്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന 4,41,667 നവജാതശിശുക്കൾക്ക് ഒരു ഗ്രാമിന്റെ സ്വർണമോതിരം സൗജന്യമായി നൽകുന്നതാണ് പദ്ധതി. സ്വർണത്തിന്റെ വിലയ്ക്ക് പുറമെ വെറും ഒരു പൈസ സർവീസ് ചാർജ് മാത്രമാണ് ജോയ്ആലുക്കാസ് ക്വോട്ട് ചെയ്തത്. സ്വർണത്തിന്റെ യഥാർഥ വില തമിഴ്നാട് സർക്കാർ നൽകും.
പണിക്കൂലി, പാക്കിങ് ചാർജ്, ലാഭവിഹിതം എന്നിവ ഈടാക്കാതെയാണ് കരാർ ഏറ്റെടുത്തതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. തമിഴ്നാട് സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലാഭേച്ഛയില്ലാതെ ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.












