കോട്ടയം: ഓണക്കാലം എത്തിയതോടെ സംസ്ഥാനത്ത് പൂക്കളുടെ വില കുതിച്ചുയരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതാണ് വില വർധനയ്ക്ക് പ്രധാന കാരണം. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് ഇത്തവണ പൊന്നുംവില.
കേരളത്തിൽ ഒരു മുഴം മുല്ലപ്പൂവിന് നിലവിൽ 70 മുതൽ 80 രൂപ വരെയാണ് വില. വരും ദിവസങ്ങളിൽ ഓണവിപണി സജീവമാകുന്നതോടെ വില ഇനിയും ഉയരാനാണ് സാധ്യത. തമിഴ്നാട്ടിൽ മുല്ലപ്പൂവിന്റെ വില കിലോഗ്രാമിന് 4,000 മുതൽ 6,000 രൂപ വരെയെത്തിയിട്ടുണ്ട്.
അരളി, വെള്ള ജമന്തി, ചെത്തി തുടങ്ങിയ പൂക്കൾക്കും വില ഉയർന്നിട്ടുണ്ട്. അരളിപ്പൂവിന്റെ വില കിലോഗ്രാമിന് 450 രൂപയിൽ നിന്ന് 500 രൂപയായി. വെള്ള ജമന്തിക്കും ചെത്തിക്കും കിലോഗ്രാമിന് 600 രൂപയാണ് നിലവിലെ വില.
ബട്ടൺ റോസിനും പൂജ റോസിനും കിലോഗ്രാമിന് 500 രൂപയായി. നേരത്തെ യഥാക്രമം 380, 350 രൂപയായിരുന്നു വില. മഞ്ഞ ജമന്തിക്ക് കിലോഗ്രാമിന് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ്.
താമരമൊട്ടിന്റെ വില വലുപ്പത്തിനനുസരിച്ച് 50 മുതൽ 150 രൂപ വരെയാണ്. വാടാമുല്ലയ്ക്ക് കിലോഗ്രാമിന് 200 രൂപയും ശതാവേരിക്ക് ഒരു കെട്ടിന് 300 രൂപയുമാണ് വില. അലങ്കാരത്തിനായി ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് നിലവിലെ വില.
ഓണാഘോഷങ്ങൾ അടുത്തതോടെ പൂക്കളുടെ ആവശ്യകത വർധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.












