ആലപ്പുഴ: കുടുംബസ്വത്ത് വീതംവെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. കരുവാറ്റ വാലുചിറ വീട്ടിൽ രാജീവ് (43) നെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി കുന്നേൽതറയിൽ പ്രബലേഷ് (38)ന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. ആയുധനിയമപ്രകാരമുള്ള ഏഴ് വർഷം തടവും തെളിവ് നശിപ്പിച്ചതിനുള്ള മൂന്ന് വർഷം തടവും അനുഭവിച്ച ശേഷമായിരിക്കും ഒന്നാം പ്രതി കൊലപാതകക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് അനുഭവിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
2017 മാർച്ച് അഞ്ചിന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം. കരുവാറ്റ ഒന്നാം വാർഡിലെ പാടശേഖരത്തിൽ രാജീവും പ്രബലേഷും മദ്യപിച്ചിരുന്നത് അമ്മാവന്റെ മകനായ കരുവാറ്റ വാലുചിറ വീട്ടിൽ സുജിത് (43) ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
തന്റെ അമ്മയ്ക്ക് കുടുംബസ്വത്തിൽ കുറഞ്ഞ ഓഹരിയാണ് ലഭിച്ചതെന്നാരോപിച്ച് രാജീവ് സുജിത്തുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് മൂർച്ചയേറിയ വാളുമായി എത്തിയ രാജീവ് സുജിത്തിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച സുജിത്തിന്റെ അമ്മ ശോഭയുടെ കൈപ്പത്തിക്കും വെട്ടേറ്റു.
ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് രാവിലെ മരിച്ചു. സംഭവത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതാണ് രണ്ടാം പ്രതിയായ പ്രബലേഷിനെതിരായ കേസ്.
ഹരിപ്പാട് എസ്.ഐ ആയിരുന്ന എസ്.എസ്. ബൈജു രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ.ടി മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. സന്തോഷ് കുമാറും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സജികുമാറും ഹാജരായി. എ.എസ്.ഐ ഡി. സിന്ധു, സി.പി.ഒ എസ്. അനീഷ്, സീനിയർ സി.പി.ഒ സജികുമാർ എന്നിവർ അന്വേഷണ സംഘത്തെ സഹായിച്ചു.













