മലപ്പുറം: ഖത്തറിൽ 24 മുതൽ 26 വരെ നടക്കുന്ന നാലാമത് വാർഷിക പാലസ്തീൻ ഫോറം 2026-ൽ കേരളത്തിൽനിന്നുള്ള ഗവേഷക ആദില അബ്ദുൽ ഹമിദ് പങ്കെടുക്കും. പലസ്തീൻ ചരിത്രം, സമകാലീന രാഷ്ട്രീയസാഹചര്യം, മാനവിക വിഷയങ്ങൾ എന്നിവയെ ആസ്പദമാക്കി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അക്കാദമിക് വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും ഒരുമിക്കുന്ന അന്താരാഷ്ട്ര വേദിയാണിത്.
പാലക്കാട് വിക്ടോറിയ കോളേജിലെ ഗവേഷകയാണ് ആദില അബ്ദുൽഹമീദ്. 2025-ൽ അബുദാബി എൻവൈയുവിൻ്റെ ഹ്യൂമാനിറ്റീസ് റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. സുല്ലാമുസ്സലാം അറബിക് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ച ഇവർ ഇന്ത്യൻ നെറ്റ്‌വർക്ക് ഓഫ് മെമ്മറി സ്റ്റഡീസ് എന്ന അക്കാദമിക് സംഘടനയിൽ അംഗമാണ്. മലപ്പുറം ജില്ലയിലെ നാരോക്കാവ് സ്വദേശിയാണ്. ഭർത്താവ്: മുഹമ്മദ് സബീൽ കൊല്ലത്തൊടി.




