മലപ്പുറം: പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് അനുമതി കാലാവധി കഴിഞ്ഞ ശേഷവും മണ്ണെടുപ്പ് നടന്നതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും അനുമതികൾ അവസാനിച്ചിട്ടും പ്രവർത്തനങ്ങൾ തുടർന്നെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. ഇതോടെ പ്രദേശത്ത് നടന്നത് അനധികൃത നിർമാണ പ്രവർത്തനങ്ങളാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
ജിയോളജി വകുപ്പ് പാറ പൊട്ടിക്കുന്നതിന് നൽകിയ അനുമതി ജൂൺ 19ന് അവസാനിച്ചിരുന്നു. മണ്ണെടുക്കാൻ നഗരസഭ നൽകിയ അനുമതിയുടെ കാലാവധി ജൂൺ 20നും അവസാനിച്ചു. എന്നാൽ, അനുമതി പുതുക്കിയിട്ടില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ റിൻഷ അറിയിച്ചു. ബന്ധപ്പെട്ട കമ്പനിയുടെ ലൈസൻസ് റദ്ദാക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി.
മണ്ണിടിച്ചിൽ സാധ്യത നിലനിന്ന സാഹചര്യത്തിലും ഏപ്രിൽ ഒന്നിന് പ്രദേശത്ത് മണ്ണെടുപ്പ് നടന്നതായി കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലയായിട്ടും മണ്ണെടുക്കാനും പാറ പൊട്ടിക്കാനുമുള്ള അനുമതി എങ്ങനെ നൽകിയെന്ന ചോദ്യവും ഉയരുന്നുണ്ട്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനാണ് പ്രവർത്തനങ്ങൾ നടന്നിരുന്നത്.
മഴയ്ക്ക് നിലവിൽ ശമനമുണ്ടെങ്കിലും ശക്തമായ മഴ തുടരുകയാണെങ്കിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് ആശങ്ക. 2018ലും ഇതേ പ്രദേശത്ത് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെന്നും, അന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിരുന്നുവെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അന്ന് പരാതി പരിഗണിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
അതേസമയം, നിർമാണാനുമതി നൽകിയത് നഗരസഭയാണെന്ന് മലപ്പുറം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അൻവർ സാദത്ത് പറഞ്ഞു. പാറ പൊട്ടിക്കുന്നതിനുള്ള അനുമതി ജിയോളജി വകുപ്പാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും 200 മീറ്റർ ചുറ്റളവിൽ നിലവിൽ ആരുമില്ലെന്നും അദ്ദേഹം അറിയിച്ചു.
മുകളിൽ നിന്ന് ഇപ്പോഴും മണ്ണ് ഇടിഞ്ഞുവീഴുന്നതിനാൽ അടിഞ്ഞുകിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ നിലവിൽ കഴിയില്ലെന്നും മഴ പൂർണമായി മാറിയ ശേഷമേ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനാകൂ എന്നും എ.ഡി.എം. പറഞ്ഞു. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും, റോഡുകളിൽ അടിഞ്ഞുകിടക്കുന്ന മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു.




