എറണാകുളം: ടോയ്‌ലറ്റ് നിർമിക്കാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥൻ വൻ തുക കൈക്കൂലി ആവശ്യപ്പെട്ടത്.
പരാതിക്കാരനിൽ നിന്ന് 5 ലക്ഷം രൂപ നേരിട്ട് വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ദീപേഷ് കുമാറിനെ വളഞ്ഞത്. പണത്തിന് പുറമെ 10 ലക്ഷം രൂപയുടെ ചെക്കും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത്രയും വലിയ തുക കൈക്കൂലിയായി ആവശ്യപ്പെട്ടത് സംബന്ധിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു . ഉദ്യോഗസ്ഥനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.










