മുംബൈ: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ പ്രാണിയെന്നു യാത്രക്കാരന്റെ കുറിപ്പ്. മുംബൈ സ്വദേശിയായ യുവാവിന് യാത്രയ്ക്കിടെ ലഭിച്ച ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തിയതായാണ് പരാതി. അഹമ്മദാബാദിൽ നിന്നാണ് യാത്ര ആരംഭിച്ചതെന്നും, തന്റെ കോച്ചിൽ ഇത്തരത്തിൽ രണ്ട് സംഭവങ്ങൾ ഉണ്ടായതായും യുവാവ് സോഷ്യൽ മീഡിയയായ എക്സിൽ പങ്കുവെച്ചു.
ഇതോടെ യാത്രക്കാരിൽ ആശങ്കയുണ്ടായതോടെ പലരും ഭക്ഷണം കഴിക്കുന്നത് നിർത്തുകയും ബാക്കി ഭക്ഷണം കളയുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. യുവാവ് പങ്കുവെച്ച ചിത്രങ്ങളിലും വീഡിയോയിലും ദാൽ ചാവലിൽ പ്രാണിയെ വ്യക്തമായി കാണാം.
ഭക്ഷണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കുന്നില്ലെന്നാണ് യുവാവിന്റെ ആരോപണം. കുറ്റക്കാരെ കണ്ടെത്തി വിതരണക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്നും, ഇതുപോലുള്ള കാര്യങ്ങൾ ഒത്തുതീർപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികരണവുമായി ഐആർസിടിസി രംഗത്തെത്തി.
ബന്ധപ്പെട്ട വിതരണക്കാരന്റെ കരാർ റദ്ദാക്കാനും 10 ലക്ഷം രൂപ പിഴ ഈടാക്കാനും നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ച ഐആർസിടിസി, ശുചിത്വവും യാത്രക്കാരുടെ സുരക്ഷയും ഏറ്റവും പ്രധാനമാണെന്നും വ്യക്തമാക്കി.
സംഭവം സോഷ്യൽ മീഡിയയിൽ വേഗത്തിൽ ശ്രദ്ധ നേടി. നിരവധി പേർ യുവാവിനെ പിന്തുണച്ച് പ്രതികരിച്ചു. ചിലർ ട്രെയിൻ യാത്രയ്ക്കിടെ സ്വന്തം ഭക്ഷണം കൊണ്ടുപോകുന്നതാണ് സുരക്ഷിതമെന്നും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.




